മാസപ്പടി: അടിയന്തരപ്രമേയത്തിന് അനുമതി ഇല്ല; മടിയിൽ കനമില്ലെങ്കിൽ പേടിയെന്തെന്ന് പ്രതിപക്ഷം

Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽനിന്നും നൽകാത്ത സേവനങ്ങൾക്ക് പണം കൈപ്പറ്റി എന്ന ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെയും ആർഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണവും സംബന്ധിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചു. മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു, പിന്നീട് സഭ വിട്ടിറങ്ങി.
Read More: ‘മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാന്‍ ഗൂഢാലോചന’: എസ്എഫ്ഐഒ അന്വേഷണത്തെക്കുറിച്ച് ബാലൻ
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.4% ഓഹരിയുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ കമ്പനിയുടെ 2013-14 മുതല്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ സംബന്ധിച്ച് ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നതായി അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡിന്റെ വിധി പ്രകാരം മുഖ്യമന്ത്രിയുടെ മകൾക്കും മകളുടെ കമ്പനിയായ എക്‌സാലോജിക്കിനും നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആര്‍എല്‍ കമ്പനി ഈ കാലയളവില്‍ 1.72 കോടി രൂപ നല്‍കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള ബെംഗളൂരു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണത്തിലും ഗുരുതരമായ ആരോപണങ്ങൾ ശരിവയ്ക്കുന്നു. തെറ്റായ വിവരങ്ങളും രേഖകളും നല്‍കി കബളിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കമ്പനി നിയമം 2013 ലെ 447, 448, 449 വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കാം എന്ന് റിപ്പോര്‍ട്ടിലുണ്ട്.
Read More: മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്ക് കുരുക്ക്; അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി
എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു.