ഹോങ്കോങ് വിമാനത്താവളത്തിൽ ട്രക്കിൽനിന്നു തെറിച്ചുവീണ യുവാവ് വിമാനം ഇടിച്ചു മരിച്ചു; ഡ്രൈവർക്കെതിരെ കേസ്

Mail This Article
ഹോങ്കോങ്∙ ട്രക്കിൽ കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന വിമാനം ഇടിച്ച് വിമാനത്താവളത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. ഹോങ്കോങ് വിമാനത്താവളത്തിലാണ് 34 വയസുകാരന്റെ ജീവൻ പൊലിഞ്ഞത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ജോർദാൻ പൗരനാണെന്നാണു വിവരം. ഗ്രൗണ്ട് സപ്പോർട്ട് മെയിന്റനന്‍സ് കമ്പനിയായ ചൈന എയർ ക്രാഫ്റ്റ് സർവീസസിന്റെ ജീവനക്കാരനാണ് മരിച്ചത്.
വിമാനം കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന ട്രക്കിന്റെ പാസഞ്ചർ സീറ്റിലിരിക്കുകയായിരുന്ന യുവാവ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ കെട്ടിവലിച്ചു കൊണ്ടുവന്ന വിമാനത്തിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയറങ്ങി. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ യുവാവ് റൺവേയിൽ കിടക്കുന്നതാണ് മറ്റ് ജീവനക്കാർ കണ്ടത്. സംഭവസ്ഥലത്തു വച്ചുതന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
വിമാനം കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്ന ട്രക്ക് ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റു ചെയ്തു. അപകടകരമായി ഇയാൾ ട്രക്ക് ഓടിച്ചിട്ടുണ്ടോ എന്ന സംശയത്തിന്റെ പുറത്താണ് അറസ്റ്റ്. ഇയാൾ ട്രക്കിൽ ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നാണ് സൂചന.