‘കരുവന്നൂർ കേസിലെ ഇഡി അന്വേഷണം തൃശൂർ സീറ്റിലെ സിപിഎം – ബിജെപി ഒത്തുതീർപ്പിൽ അവസാനിക്കും’
Mail This Article
തിരുവനന്തപുരം∙ തൃശൂർ പാർലമെന്റ് സീറ്റിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുതീർപ്പിൽ കരുവന്നൂർ കേസിലെ ഇ.ഡി അന്വേഷണം അവസാനിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന സർക്കാരിനെതിരായ എല്ലാ കേസുകളും ഒത്തുതീർപ്പിലേക്കാണു നീങ്ങുന്നത്. കരുവന്നൂർ കേസ് ഒത്തുതീർപ്പിലേക്കു പോകുമെന്നു നിങ്ങളോട് ഞാൻ പറഞ്ഞിരുന്നു. ഒത്തുതീർപ്പിനായുള്ള ഇടനിലക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. കരുവന്നൂർ കേസിലെ അന്വേഷണം ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘‘ലൈഫ് മിഷൻ കോഴക്കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയുടെ ഒരു മൊഴി പോലും എടുത്തില്ല. ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെങ്കിൽ പോലും മൊഴി എടുക്കാമായിരുന്നു. മുഖ്യമന്ത്രി ആയിരുന്നു ലൈഫ് മിഷന്റെ ചെയർമാൻ. ഇക്കാര്യത്തിൽ വി.മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? എക്സാലോജിക്സിന് എതിരായ അന്വേഷണത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെയും അന്വേഷണം നടത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണു പണം കൊടുക്കാൻ കാരണമെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉന്നതസ്ഥാനത്തിരിക്കുന്നതു മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും കൂടി കേസിൽ പ്രതിയാകണം. ശരിയായ അന്വേഷണം നടക്കുമോയെന്നു നോക്കുകയാണ്. എട്ടു മാസത്തേക്കാണ് എസ്എഫ്ഐഒ അന്വേഷണത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അത് അദ്ഭുതമാണ്. എന്തിനാണ് ഈ എട്ടു മാസത്തെ അന്വേഷണം എന്നതിന് ഒരു പിടിയും കിട്ടിയിട്ടില്ല. എട്ടു മാസം അന്വേഷിക്കേണ്ട എന്തു വിഷയമാണ് ഈ കേസിൽ ഉള്ളതെന്നു മനസിലായിട്ടില്ല’’ – വി.ഡി.സതീശൻ പറഞ്ഞു.