ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് മുൻ സംസ്ഥാന പ്രസിഡന്റും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരനാണ്. 3,16,142 വോട്ടുകൾ. എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രണ്ടാമതെത്തി. പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തലസ്ഥാന മണ്ഡലത്തിലും പത്തനംതിട്ടയിലും കുമ്മനത്തിന്റെ പേര് പരിഗണനയിലുണ്ട്. പാർട്ടി നിർദേശിച്ചാൽ മത്സരിക്കുന്ന കാര്യം നോക്കാമെന്നാണ് കുമ്മനത്തിന്റെ നിലപാട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ കേരളത്തിൽ ബിജെപിക്ക് അനുകൂലമാകുമെന്ന് കുമ്മനം പറയുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് വരുന്നവരെ പാർട്ടി സ്വാഗതം ചെയ്യും. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പിലാകില്ലെന്നും കുമ്മനം രാജശേഖരൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ?

കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം സാധ്യമാക്കുന്ന അനുകൂല കാലാവസ്ഥയാണ്. എൽഡിഎഫ് സർക്കാർ പരാജയപ്പെട്ട സർക്കാരാണ്. ഭരണത്തിൽ ജനങ്ങൾ മടുത്തു. ദേശീയ നിലപാട് സ്വീകരിക്കുന്ന സമീപനമാണ് ജനങ്ങൾക്കുള്ളത്. കേന്ദ്രം ആരു ഭരിക്കും, രാജ്യത്തെ ആരു രക്ഷപ്പെടുത്തും എന്നാണ് ജനം നോക്കുന്നത്. സിപിഎമ്മും കോൺഗ്രസും ദേശീയ രാഷ്ട്രീയത്തിൽ ഒന്നും അല്ലെന്ന് ജനത്തിനറിയാം. ദേശീയ രാഷ്ട്രീയത്തിൽ മുന്നിൽ നിൽക്കുന്ന ബിജെപിയെ കേരളത്തിലെ ജനം പിന്തുണയ്ക്കും.

∙ അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകുമോ? 

തീർച്ചയായും. കേരളം രാമകേരളമാണ്. കേരളത്തിന്റെ മനസ്, ആത്മാവ്.. അത് രാമനുമായി ബന്ധപ്പെട്ടതാണ്. അതിന്റെ പുനരുജ്ജീവനവും പുനരുദ്ധാരണവും ആണ് വരും കാലങ്ങളിൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. കാരണം, കേരളത്തിന്റെ അടിവേരുകൾ രാമനുമായി ബന്ധപ്പെട്ടതാണ്. രാമായണ മാസം ആചരിക്കുന്നത് കേരളത്തിൽ മാത്രമാണ്. ശബരി ആശ്രമം, ജടായുപാറ എന്നിവയും കേരളത്തിലാണ്. കേരളത്തിന്റെ മനസ് രാമനോടൊപ്പമാണ്. അതിന്റെ അലയൊലികൾ കേരളത്തിലുമുണ്ടാകും.

Read Also: രാമക്ഷേത്രം എങ്ങനെ ഈ മതേതര രാജ്യത്തെ സർക്കാരിന്റെ പ്രധാന നേട്ടമാകും?: രാജ്യസഭയിൽ റഹിമിന്റെ കന്നിപ്രസംഗം

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 350 സീറ്റിലധികം നേടാനാകുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം പറയുന്നത്. അതിൽ കേരളത്തിന്റെ സംഭാവന എങ്ങനെയാകും?

കേരളത്തിൽ അങ്ങനെയൊരു കണക്ക് പറയാനാകില്ല. 20 ലോക്സഭാ സീറ്റുകളിലും മത്സരിക്കുന്നത് വിജയിക്കാനാണ്. വിജയ സാധ്യത സംബന്ധിച്ച ഉത്തരങ്ങൾ മാറിമാറി വരുന്നു. എൽഡിഎഫ് ജനങ്ങളിൽനിന്ന് തികച്ചും ഒറ്റപ്പെട്ടു. ജനശ്രദ്ധ മാറ്റാനാണ് സർക്കാർ ഡൽഹിയിൽ സത്യാഗ്രഹം നടത്തുന്നത്. നവകേരള സദസ്, കേരളീയം ഇങ്ങനെയുള്ള പ്രകടനാത്മക കാര്യങ്ങളിലാണ് സർക്കാർ ശ്രദ്ധ. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധയില്ല. അരിക്കും പച്ചക്കറിക്കും വില കൂടുതലാണ്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി. ക്ഷേമപെൻഷൻ മുടങ്ങി. സർക്കാര്‍ ജീവനക്കാർക്ക് ഡിഎ പല ഗഡുക്കൾ കുടിശികയാണ്. ഇതെല്ലാം ബിജെപിയെ തിരഞ്ഞെടുപ്പിൽ സഹായിക്കും.

കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും (ഫയൽ ചിത്രം: രാഹുൽ ആർ. പട്ടം)
കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും (ഫയൽ ചിത്രം: രാഹുൽ ആർ. പട്ടം)

∙ തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ വിജയ സാധ്യത?

എല്ലായിടത്തും നല്ല മുന്നേറ്റമുണ്ട്, മാറ്റമുണ്ട്. ജനങ്ങൾ മാറി ചിന്തിക്കുന്നുണ്ട്. ഇരു മുന്നണികൾക്കും ബദൽ ബിജെപിയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാ മണ്ഡലങ്ങളിലെയും ഗ്രാമങ്ങൾ സന്ദർശിക്കുന്ന പാർട്ടി പരിപാടി നടക്കുകയാണ്. ഓരോ ബൂത്തും നേതാക്കൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും. താഴേത്തട്ടിലാണ് ബിജെപി പ്രവർത്തനം നടക്കുന്നത്. ബിജെപി പദയാത്രയും വലിയ മാറ്റം ഉണ്ടാക്കുന്നു.

Read Also: ‘രാമക്ഷേത്രം ബിജെപിക്ക് ഗുണം ചെയ്യില്ല, ജനങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിക്കും; ഞങ്ങൾ ഹിന്ദുവിരുദ്ധരല്ല’

∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടോ?

പാർട്ടി ആവശ്യപ്പെടുമ്പോൾ നോക്കാം. ഇതുവരെ അത്തരം നിർദേശം വന്നിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. ഇവിടുത്തെ ഇലക്‌ഷൻ കമ്മിറ്റിക്ക് പേരുകൾ നിർദേശിക്കാൻ മാത്രമേ കഴിയൂ. തീരുമാനമെടുക്കാനോ പ്രഖ്യാപനത്തിനോ അധികാരമില്ല. അഭിപ്രായം ചോദിക്കുമ്പോൾ നേതൃത്വത്തെ അറിയിക്കും.

∙ സംസ്ഥാന ബിജെപി നേതൃത്വത്തെ എങ്ങനെ വിലയിരുത്തുന്നു?

ഊർജ്വസ്വലമായ പ്രവർത്തനമാണ് നേതൃത്വത്തിന്റേത്. അണികളിൽ വിശ്വാസം നേടിയെടുത്താണ് മുന്നോട്ടു പോകുന്നത്.

കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമൊപ്പം (ഫയൽ ചിത്രം).
കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമൊപ്പം (ഫയൽ ചിത്രം).

∙ ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ ഏത് ഘട്ടത്തിലാണ്?

തിരഞ്ഞെടുപ്പ് ചർച്ചകളും പ്രവർത്തനങ്ങളും ആരംഭിച്ചു. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് എൻഡിഎയുടെ പ്രാഥമിക ചർച്ച നടന്നു. ചർച്ചകൾ ഇനിയും തുടരും. ഈ മാസത്തോടെ ചർച്ചകൾ പൂർത്തിയാക്കും.

∙ സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയുണ്ടാകുമോ?

ബിജെപി ദേശീയ സമിതി 17, 18 തീയതികളിൽ ഡൽഹിയിൽ ചേരുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങിൽനിന്നുമുള്ള നേതാക്കൾ പങ്കെടുക്കും. സമിതിയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ ഉണ്ടാകും. അവിടെ തീരുമാനമെടുക്കും.

∙ എക്സാലോജിക് വിവാദം പ്രധാന പ്രചാരണ ആയുധമാകുമോ?

അന്വേഷണം ശക്തമായി നടക്കും. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ടപ്പോൾ കേസ് കേസിന്റെ വഴിക്കുപോകട്ടെ, നിയമം നിയമത്തിന്റെ വഴിക്ക് പോകണം എന്നാണ് സിപിഎം നേതൃത്വം പറഞ്ഞത്. ഇപ്പോൾ  മാസപ്പടി വിഷയത്തിൽ കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നല്ല പറയുന്നത്. രാഷ്ട്രീയ പകപോക്കൽ എന്നാണ് പറയുന്നത്. അന്വേഷണം തെറ്റാണ്, പാടില്ലെന്നാണ് പറയുന്നത്. നിലപാട് മാറ്റം എന്തുകൊണ്ടാണെന്ന് എല്ലാവർക്കും മനസിലാകും. എല്ലാ അഴിമതിക്കേസുകളും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും.

∙ സിൽവർലൈൻ റെയിൽ പദ്ധതി അടഞ്ഞ അധ്യായമാണോ?

സിൽവർലൈന് ഒരു സാധ്യതയുമില്ല. കേരളത്തെ വെട്ടിമുറിക്കാൻ സാധ്യമല്ല. ഇനി വരാൻ പോകുന്ന ട്രെയിനുകളെല്ലാം അതിവേഗ ട്രെയിനുകളാണ്. ഇനിയും വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേക്കു വരും. ട്രാക്കുകളിലെ വളവുകൾ മാറ്റിയാല്‍ വേഗം സംബന്ധിച്ച പ്രശ്നം പരിഹരിക്കാൻ കഴിയും. ജനങ്ങൾക്ക് ഇതൊക്കെയാണ് ആവശ്യം. സിൽവർലൈൻ നടപ്പുള്ള കാര്യമല്ലെന്ന് എൽഡിഎഫിനും അറിയാം.‌

ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും (ഫയൽ ചിത്രം)
ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും (ഫയൽ ചിത്രം)

∙ കേന്ദ്ര അവഗണനയാണ് കേരള സർക്കാരിന്റെ ഡൽഹിയിലെ സമര വിഷയം?

ഭരണപരാജയം മറച്ചുവയ്ക്കാനുള്ള സമരമാണ്. ആളെ പിടിച്ചിരുത്താനും മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുമാണ് സമരം. മാസപ്പടി ചർച്ച ചെയ്യരുത്. ഭക്ഷ്യപ്രതിസന്ധി ചർച്ച ചെയ്യരുത്. കേരളം വരൾച്ചയിലേക്ക് പോകുകയാണ്. ഇതൊന്നുമല്ല ഡൽഹി സമരത്തിലൂടെ ചർച്ച ചെയ്യുന്നത്. അരി കിട്ടാത്തതിനാണ് സമരമെങ്കിൽ മനസിലാക്കാം. ധനമന്ത്രി നിർമലാ സീതാരാമൻ കണക്കുകൾ ഉദ്ധരിച്ച് ലോക്സഭയിൽ മറുപടി പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെക്കാൾ പണം കേരളത്തിന് കേന്ദ്രം അനുവദിച്ചു. സ്വന്തം വീഴ്ച മറച്ചുവയ്ക്കാൻ സർക്കാർ പച്ചക്കള്ളമാണ് പറയുന്നത്.

English Summary:

Kerala is now 'Rama Kerala', favorable situation for BJP: Kummanam Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com