ADVERTISEMENT

പുണെ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച  തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിക്കെതിരെ പാർട്ടിയുടെ സ്ഥാപക നേതാവ് ശരദ് പവാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും പാർട്ടിയെ അതിന്റെ സ്ഥാപകരിൽനിന്നും തട്ടിപ്പറിച്ച് മറ്റുള്ളവർക്ക് കൊടുക്കുന്ന നടപടിയാണ് ചെയ്തതെന്നും പവാർ പറഞ്ഞു.

Read also: സർക്കാർ സ്ഥാപനങ്ങളിലേക്ക് വൻ റിക്രൂട്ട്‍മെന്റ്; 1 ലക്ഷം പേർക്ക് മോദി നിയമനകത്ത് നൽകും

ഒരു രാഷ്ട്രീയ പാർട്ടിയുടെ പദ്ധതികളും പ്രത്യയശാസ്ത്രവുമാണ് ജനങ്ങൾക്ക് പ്രധാനം. അതിന്റെ ചിഹ്നം വളരെ കുറച്ച് സമയത്തേക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ജനം അംഗീകരിക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങളുടെ ചിഹ്നം തട്ടിപ്പറിക്കുക മാത്രമല്ല ചെയ്തത്, പാർട്ടിയെ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. ഈ പാർട്ടിയെ അവരുടെ സ്ഥാപകരിൽനിന്നും അതിനെ വളർത്തിയവരിൽനിന്നും തട്ടിപ്പറിച്ച് മറ്റൊരാൾക്ക് കൊണ്ടു കൊടുക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ഒന്ന് ഈ രാജ്യത്ത് മുൻപ് നടന്നിട്ടില്ല. ’’– ശരദ് പവാർ പറഞ്ഞു.

കോൺഗ്രസിൽനിന്ന് പിരിഞ്ഞ് 1999ൽ ശരദ് പവാർ രൂപീകരിച്ചതാണ് എൻസിപി. കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ‘ക്ലോക്ക്’ ചിഹ്നവും ഇവർക്കുപയോഗിക്കാമെന്ന് കമ്മിഷൻ‌ അറിയിച്ചു. 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് കമ്മിഷന്റെ തീരുമാനം.

പാർട്ടിയുടെ ആകെയുള്ള 87 ജനപ്രതിനിധികളിൽ 57 പേർ അജിത് പവാർ പക്ഷത്താണ്. പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ, ഭരണഘടന എന്നിവയും അജിത് പക്ഷത്തെ അംഗീകരിക്കുന്നതാണെന്നു കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ‘എൻസിപി– ശരദ്‌ ചന്ദ്ര പവാർ’ വിഭാഗം എന്ന പേരാണ് കമ്മിഷൻ നൽകിയത്. 

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ, എക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന–ബിജെപി സർക്കാരിൽ ചേർന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

English Summary:

"Such Thing Never Happened Before": Sharad Pawar On Poll Body's NCP Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com