ADVERTISEMENT

കോട്ടയം∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസിന്റഎ (എം) സീറ്റായ ഇവിടെ സിറ്റിങ് എംപി തോമസ് ചാഴികാടൻ (71) തന്നെ ഇത്തവണയും മത്സരിക്കും. കേരള കോൺഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ.മാണിയാണ് കോട്ടയത്ത് പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ ഒരു പ്രധാന മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ തന്നെയാകും മത്സരിക്കുകയെന്ന സൂചനകൾ ശക്തമായിരുന്നു.

കേരള കോൺഗ്രസ് (എം) നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചു ചേർത്താണ് തോമസ് ചാഴികാടന്റെ പേര് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തലവനെന്ന നിലയിൽ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർ‌ച്ചയായാണ് തോമസ് ചാഴികാടനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

കോട്ടയത്ത് ഇത്തവണ കേരള കോൺഗ്രസുകൾ തമ്മിലായിരിക്കും പോരാട്ടമെന്ന അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടൻ എത്തുന്നത്. യുഡിഎഫിനായി ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണു വിവരം. ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചകളിലുള്ളത്. കോൺഗ്രസ് ഈ സീറ്റ് ഏറ്റെടുത്തേക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

2019ൽ ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ചാഴികാടൻ, അതിനുശേഷം കേരള കോൺഗ്രസ് മുന്നണി മാറിയതോടെയാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥിയാകുന്നത്. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനായിരുന്നു അന്ന് എൽഡിഎഫ് സ്ഥാനാർഥി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടൻ ജയിച്ചുകയറിയത്.

1991 മുതൽ പാർലമെന്ററി രംഗത്ത് സജീവമാണ് എഴുപത്തൊന്നുകാരനായ തോമസ് ചാഴികാടൻ. സഹോദരൻ ബാബു ചാഴികാടന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് തോമസ് ചാഴികാടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. പിന്നീട് തുടർച്ചയായി 20 വർഷത്തോളം നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. 1991, 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്കു വിജയിച്ചത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽവി വഴങ്ങിയ ചാഴികാടൻ, 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായി.

കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോസ് കെ.മാണി അവകാശപ്പെട്ടു. പാർട്ടിക്കുള്ളിലെ സ്ഥാനാർഥി ചർച്ചകളിൽ ഉയര്‍ന്നുവന്നത് ഒരേയൊരു പേരു മാത്രമാണ്. രാജ്യസഭയിലേക്കും അധിക ലോക്സഭാ സീറ്റിനും പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്ന് ജോസ് കെ.മാണി ചൂണ്ടിക്കാട്ടി. അതേസമയം, പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത തോമസ് ചാഴികാടൻ പ്രതികരിച്ചു.

English Summary:

Loksabha Election 2024: Thomas Chazhikadan Kerala Congress M Candidate in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com