ADVERTISEMENT

അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനും എതിരെ ശക്‌തമായ നിലപാടുകൾ സ്വീകരിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകർക്ക് നേരിടേണ്ടിവന്ന കടുത്ത പ്രതിസന്ധിയായിരുന്നു  തൊഴിൽ നിഷേധം. അതിനു പ്രതിവിധിയായി, ആത്മവിദ്യാ സംഘം സ്ഥാപകൻ വാഗ്‌ഭടാനന്ദ ഗുരു 1925ൽ ആരംഭിച്ചതാണ് ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന സഹകരണ നിർമാണ സ്‌ഥാപനം. വടകരയിൽ നിന്നു വടക്കോട്ട് 5 കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഊരാളുങ്കൽ. 16 അംഗങ്ങളുമായി തുടങ്ങി, തുടക്കത്തിൽ 200–300 രൂപയ്ക്കുള്ള പണികൾ നടത്തിയ സംഘം 10 വർഷം കൊണ്ട് 493 രൂപ ലാഭമുണ്ടാക്കി. 1926ൽ ആദ്യത്തെ കരാർ ജോലി ഏറ്റെടുത്തു. ‘നിരത്തു നിർമാണം’ ആയിരുന്നു അത്. ഇന്ന് 1700 കോടി രൂപയുടെ ദേശീയപാതാ നിർമാണം വരെ ഏറ്റെടുക്കാൻ കെൽപുള്ള സ്ഥാപനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി മാറിക്കഴിഞ്ഞു. ഐടി മേഖലയിലേക്കു വരെ ചുവടുറപ്പിച്ച് നൂറാം വർഷം ആഘോഷിക്കാൻ ഒരുങ്ങുന്ന ഊരാളുങ്കലിന്റെ വളർച്ചയെ കുറിച്ചും അടുത്തിടെ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും ചെയർമാൻ രമേശൻ പാലേരി സംസാരിക്കുന്നു. 

നൂറാം വർഷത്തിലെത്തി നിൽക്കുന്ന ഊരാളുങ്കലിന്റെ വളർച്ചയെ കുറിച്ച്?

ഏകദേശം 18000 തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രസ്ഥാനമാണ്. 1500 എൻജിനീയർമാര‍ും 1500 ജീവനക്കാരും അതു കൂടാതെ ഞങ്ങൾക്കൊപ്പമുണ്ട്. ലോകത്ത് സഹകരണ മേഖലയിൽ രണ്ടാം സ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമുള്ള  പ്രസ്ഥാനമാണ്. അന്ധവിശ്വാസവും അനാചാരവും വാണിരുന്ന ഒരു കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ആവേശം തന്നെയായിരുന്നു ഊരാളുങ്കൽ. നാട്ടിൽ മാറ്റം വേണമെന്നുള്ള ആശയം മുറുകെപ്പിടിച്ചു കൊണ്ടാണ് നൂറാം വർഷത്തിലേക്ക് ഊരാളുങ്കൽ കാലു കുത്തുന്നത്. സത്യസന്ധമായി പോകുന്നു എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ വിജയം. 

ഊരാളുങ്കൽ നേതൃത്വത്തിൽ രമേശൻ പാലേരി 29 വർഷമാവുന്നു. ഈ കാലഘട്ടത്തിൽ സ്ഥാപനത്തിനുണ്ടായ മാറ്റം?

കാലഘട്ടത്തിന് അനുസരിച്ച് ഓരോ ചുവടും മുന്നോട്ടു വച്ച് പോകാൻ ഊരാളുങ്കലിന് സാധിച്ചിട്ടുണ്ട്. ചില സമയത്ത് ഗ്രാഫ് താണിട്ടുണ്ട്.  1995നു ശേഷമുണ്ടായ വളർച്ചയ്ക്കു പ്രധാന കാരണം ജനകീയാസൂത്രണമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ ഏറ്റെടുത്തിരുന്ന സ്ഥാനത്തു നിന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ജോലികൾ കൂടി  ലഭിക്കാ‍ൻ തുടങ്ങി.  സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ മികച്ച രീതിയിൽ പൂർത്തീകരിച്ചപ്പോൾ ജനങ്ങളുടെ അംഗീകാരം കിട്ടി. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടു പോകാനും, പുതിയ സാങ്കേതിക വിദ്യകളും എൻജിനീയറിങ് മികവും ഉപയോഗിച്ച് മുന്നോട്ടു പോകാനും ഈ കാലഘട്ടത്തിൽ സാധിച്ചു.  

നിർമാണ രംഗത്ത് യുഎൽസിസിഎസ് ഇന്ന് ഒരു ബ്രാൻഡ് ആയി മാറിയിരിക്കുന്നു.

പഞ്ചായത്തിന്റെ 50,000 രൂപയുടെ പദ്ധതികൾ മുതൽ 1700 കോടി രൂപയുടെ ദേശീയ പാത നിർമാണം വരെ യുഎൽസിസിഎസ് ഏറ്റെടുത്തിട്ടുണ്ട്. തൊഴിൽ കൊടുക്കുക എന്നതാണ് സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യം. ലാഭം ഉണ്ടാക്കൽ അല്ല. ഓരോരോ പദ്ധതികളും പല വിഭാഗങ്ങളായി തിരിച്ച് മേൽനോട്ടം നിർവഹിക്കുന്നു. ആസൂത്രണത്തിലെ മികവും ടീം വർക്കുമാണ് ഞങ്ങളുടെ വിജയം.  തന്റേതു കൂടിയാണ് സ്ഥാപനം എന്നത് ഓരോ തൊഴിലാളിയുടെയും ചിന്തയിലുണ്ട്.  സഹകരണ മേഖലയിലെ പുതിയൊരു മാതൃകയാണ് ഇത്. ഞങ്ങൾ ഉപകരാറുകൾ കൊടുക്കാറില്ല. എല്ലാ ജോലികളും നേരിട്ടു തന്നെയാണ് ചെയ്യുന്നത്. അല്ലെങ്കിൽ മികവ്് തുടരാൻ സാധിക്കില്ല എന്നതാണ് ഞങ്ങളുടെ തിരിച്ചറിവ്. 

വ്യത്യസ്തമായ മേഖലകളിലേക്ക് യുഎൽസിസിഎസ് നീങ്ങിയതിനെക്കുറിച്ച്?

തൊഴിലാളികളുടെ മക്കൾക്കു തന്നെ ഉന്നത വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞു. അവർക്കു കൂടി ഇണങ്ങുന്ന മേഖലകൾ തിരഞ്ഞെടുക്കണം.  കേരളത്തിൽ ഇതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്  ഐടി തന്നെയാണെന്നും മലബാറിൽ ഇത് ഏറ്റവും അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞാണ് സൈബർ പാർക്ക് ആരംഭിച്ചത്. ഇന്ന് ടാറ്റാ എലക്സി ഉൾപ്പെടെ 40–ൽ ഏറെ കമ്പനികൾ ഉണ്ട്. മൂവായിരത്തോളം പേർ ജോലി ചെയ്യുന്നു.

പുതിയ സഹകരണ സർവകലാശാല എന്ന ആശയം സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നുണ്ട്. 

പഠിച്ചിറങ്ങുന്ന ഒരു എൻജിനീയർ പ്രായോഗിക മികവ് നേടാൻ 5–10 വർഷം എടുക്കും. ഈ വിടവ് നികത്താൻ പഠനത്തോടൊപ്പം പ്രായോഗിക മികവും ലഭ്യമാക്കുന്ന സമ്പ്രദായമാണ് ആവശ്യം. ഈ ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ ഒരു മാതൃകാ സർവകലാശാലാ എന്നതാണ് സ്വപ്നം.  

വാഗ്‌ഭടാനന്ദ ഗുരു
വാഗ്‌ഭടാനന്ദ ഗുരു

ടെൻഡർ ഇല്ലാതെ പിൻവാതിലിലൂടെയാണ് യുഎൽസിസിഎസിന് പദ്ധതികൾ കിട്ടുന്നത് എന്ന് ആരോപണമുണ്ട്. 

നിർമാണം വർഷങ്ങളോളം ഇഴഞ്ഞു നീങ്ങുന്ന എത്രയോ പദ്ധതികളായിരുന്നു നമ്മുടെ നാടിന്റെ ശാപം. പറഞ്ഞ സമയത്തിനു മുമ്പേ ജോലികൾ തീർക്കാമെന്ന മാതൃക കാട്ടിയത് ഞങ്ങളാണ്. ഇടതു സർക്കാരിനു മുമ്പ് ഉമ്മ‍ൻചാണ്ടിയുടെ കാലത്താണ് ഏറ്റവും കൂടുതൽ ജോലികൾ ഞങ്ങൾക്ക് തന്നിട്ടുള്ളത്. 18 മാസം സമയം പറഞ്ഞ കോഴിക്കോട് ബൈപാസ് 16 മാസം കൊണ്ട് തീർത്തു കൊടുത്തു. ഇന്ധനച്ചെലവിൽ മാത്രം എത്രയോ ലാഭം ഉണ്ടായി. അതോടെ സർക്കാരിന്റെ പ്രതിഛായയും മെച്ചപ്പെട്ടു. സർക്കാരിനും ജനത്തിനും ആണ് ഞങ്ങളെ ആവശ്യം. ഞങ്ങൾക്ക് ടെൻഡറിൽ പങ്കെടുത്ത് ജോലികൾ ഏറ്റെടുക്കുന്നതു തന്നെയാണ് ലാഭകരം. മൽസരിക്കുമ്പോൾ അതത് സമയത്തെ നിരക്ക് എന്താണോ അതനുസരിച്ച് തുക ക്വോട്ട് ചെയ്യാം. 

ലോകത്ത് എവിടെയും ഇല്ലാത്തതാണ് നേരിട്ട് ഒരു സംഘത്തിന് പ്രവ‍ൃത്തികൾ കൊടുക്കുന്നത്. അത് എന്തു കൊണ്ട്, എന്തിന്, നാടിന് ഗുണമുണ്ടോ എന്ന് ആരും പരിശോധിച്ചിട്ടില്ല. അതു പരിശോധിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. സർക്കാരിനോ പൊതുജനത്തിനോ ആവശ്യം ഇല്ലെങ്കിൽ ഞങ്ങളെന്തിനാണ് നിർബന്ധം പിടിക്കുന്നത്. സമാനമായ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ടെൻ‍ഡറിൽ പങ്കെടുത്ത് പദ്ധതികൾ നേടാൻ തന്നെയാണ് യുഎൽസിസിഎസിന്റെ താൽപര്യം. പദ്ധതികൾ വർഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിൽ ഇവിടെ ആർക്കും വിമർശനം ഇല്ല.  

നിർമാണ രംഗത്ത് മൽസരം ഉണ്ടാവുമ്പോൾ അല്ലേ പദ്ധതികൾ ലാഭകരമാവുന്നത്? 

ഒരു പദ്ധതിയും ഞങ്ങൾക്ക് നേരിട്ടു തരണമെന്നില്ല. മൽസരം വരട്ടെ. ദേശീയ പാത പോലൊരു വലിയ പദ്ധതി കേരളത്തിലെ ഒരു കമ്പനിക്കും കിട്ടിയിട്ടില്ല. വിവിധ റീച്ചുകൾ ഏറ്റെടുത്ത 18 കമ്പനികളിൽ ഏറ്റവും വേഗത്തിലും മികവിലും പണികൾ പൂർത്തിയാവുന്നത് കാസർകോട് ഭാഗത്താണ്.  ഈ മികവ് കാണാൻ ആളുകൾ പോകുന്നുണ്ട്. 

സഹകരണ സ്ഥാപനം എന്ന നിലയിൽ 10% അധിക തുക നൽകുന്നു എന്നാണ് ഒരു ആരോപണം. 

അത് ഭരണഘടനാ പ്രകാരം ഞങ്ങൾക്ക് അവകാശപ്പെട്ടതല്ലേ?  അതിൽ അഴിമതി ഉണ്ടെങ്കിൽ അതു പരിശോധിക്കട്ടെ. ഞങ്ങളുടേത് സഹകരണ സ്ഥാപനമല്ലേ? എല്ലാം പരിശോധനകൾക്കു വിധേയമാണ്.  വന്നു പരിശോധിച്ച് അഴിമതിയുണ്ട് എന്നു കണ്ടാൽ അത് റദ്ദാക്കാം. ഗുരുദേവന്റെ ആദർശങ്ങൾ മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവരാണ് ഞങ്ങൾ. മാങ്ങ പഴുത്തു കിടക്കുമ്പോൾ മാവിലേക്ക് കുട്ടികൾ കല്ലെറിയും. അതുപോലെ കണ്ടാൽ മതി. 

മൂന്ന് ഇരട്ടി തുക ക്വോട്ട് ചെയ്ത സ്ഥാപനത്തിന് കരാർ കൊടുക്കുന്നത് അപൂർവ സംഭവമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 

അതിലൊന്നും വാസ്തവമില്ല. മൂന്ന് ഇരട്ടി തുകയ്ക്കൊന്നുമല്ല കണ്ണൂർ കോടതി സമുച്ചയത്തിന്റെ കരാർ ലഭിച്ചിരുന്നത്. ഇക്കാര്യത്തിൽ കോടതി തന്നെ വ്യക്തത വരുത്തിക്കോളും. 82% സർക്കാർ ഓഹരിയുള്ള സ്ഥാപനമാണ് ഊരാളുങ്കൽ. 

82% സർക്കാർ ഓഹരി എന്നു വാദിക്കുമ്പോൾ യുഎൽസിസിഎസ് ഡയറക്ടർ ബോർഡിൽ സർക്കാരിന്റെ ഒരു പ്രതിനിധി പോലും ഇല്ല. 

ഇന്ത്യയിൽ സഹകരണ സ്ഥാപനങ്ങളെ സഹായിക്കാൻ മാത്രമാണ് നാഷനൽ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപറേഷൻ എന്ന സ്ഥാപനം ഉണ്ടാക്കിയത്. 4000 കോടി രൂപ വരെയൊക്കെ ഇതുവഴി സഹായം നൽകുന്നുണ്ട്. കേരളത്തിൽ എല്ലാ സഹകരണ സ്ഥാപനങ്ങളെയും ബജറ്റ് വിഹിതത്തിലൂടെ തന്നെ സർക്കാർ സഹായിക്കുന്നുണ്ട്. പദ്ധതികൾക്ക് ഓഹരി ആയിട്ടും വായ്പ ആയിട്ടും സബ്സിഡി ആയിട്ടും ഗ്രാന്റ് ആയിട്ടും സർക്കാർ സഹായിക്കും. 40% ഓഹരി, 50 % വായ്പ, 10% കോൺട്രിബ്യൂട്ടറി വിഹിതം എന്ന രീതിയിലാണ് ഞങ്ങളുടെ പദ്ധതി.  ഓഹരിയായി നൽകുന്നത് 8 വർഷം കൊണ്ടും വായ്പയായി നൽകുന്നത് 10 വർഷം കൊണ്ടും പലിശ സഹിതം തിരിച്ചു നൽകണം. ഇതാണ് നയം. 

  ജനാധിപത്യ രീതിയിൽ ആണ് സഹകരണ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ ഒരാൾക്ക് ഒരു വോട്ട് ആണ്. എത്ര ഓഹരിയുണ്ടെങ്കിലും വോട്ട് ഒന്നു മാത്രം.  പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ നിലവിലെ നിയമപ്രകാരം സർക്കാർ നോമിനിയുടെ ആവശ്യമില്ല. സർക്കാർ നൽകുന്നത് സാമ്പത്തിക സഹായം ആണ്.  സർക്കാർ നിയന്ത്രണം വേണം, അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് വേണം എന്നൊന്നും പറയുന്നത് ശരിയല്ല. സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഇവിടെ കൃത്യമായി നടക്കുന്നുണ്ട്. 

സിപിഎം നേതാക്കളുടെ ബെനാമി പണമാണ് സൊസൈറ്റിയുടേത് എന്ന് പ്രതിപക്ഷം ഉൾപ്പെടെ പറയുന്നു? 

ഞങ്ങളെല്ലാം ഒഞ്ചിയത്തുകാരാണല്ലോ. ഞങ്ങൾക്കു പ്രത്യേക രാഷ്ട്രീയമൊന്നുമില്ല. ഒഞ്ചിയംകാരാവുമ്പോൾ ഭൂരിപക്ഷം ആളുകളും കമ്യൂണിസ്റ്റുകളാവും. ആ രക്തം ഉണ്ടാവും. അതുകൊണ്ടായിരിക്കും ഈ ആരോപണം.  രാജ്യത്തിന് വരെ ഗുണമുണ്ടാക്കുന്ന സ്ഥാപനം അഴിമതിക്കു കുട പിടിച്ചിട്ടുണ്ടെങ്കിൽ അതു പരിശോധിക്കാനുള്ള സംവിധാനം ഇന്ന് ജനാധിപത്യ ഇന്ത്യയിൽ ഉണ്ട്. അഴിമതി ഉണ്ടെന്നു തെളിഞ്ഞാൽ ഇതു പൂട്ടാൻ ഉള്ള സംവിധാനം ഞങ്ങൾ തന്നെ ഒരുക്കിത്തരും. 

ഒരു വ്യക്തിയുടേത് അല്ല ഈ സ്ഥാപനം. ഭരണഘടന അനുവദിക്കുന്ന സൗകര്യങ്ങളാണ് ഈ സ്ഥാപനത്തിന് കിട്ടുന്നത്. സ്വാധീനം കൊണ്ടൊന്നും അല്ല. 

ചൈനയിലും മറ്റും മൂന്നും നാലും മാസം കൊണ്ട് പാലം പണി തീർക്കുന്ന കാലഘട്ടമാണ്. നമ്മളും അങ്ങനെ വളരേണ്ടേ? അതല്ല, എട്ടും പത്തും വർഷമെടുത്ത് പാലം പൂർത്തിയാക്കിയാൽ മതിയോ, ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോയാൽ മതിയോ ?  എത്രയോ മാധ്യമങ്ങളിൽ ആരോപണങ്ങൾ വന്നു. ഒന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഞങ്ങൾ അതിൽ പങ്കാളികളല്ല. 

എഐ ക്യാമറ ഇടപാടിലെ വിവാദ സ്ഥാപനമായ എസ്ആർഐടിയുമായുള്ള ബന്ധം ചർച്ചയായിരുന്നു. 

നമുക്ക് ലോകത്തിലുള്ള ഏതു സ്ഥാപനവുമായി ബന്ധമുണ്ടാക്കാം. നടത്തിയ പരീക്ഷണം പരാജയപ്പെട്ടപ്പോൾ എസ്ആർഐടി ബന്ധം അപ്പോൾ തന്നെ ഞങ്ങൾ വിട്ടതാണ്. ഒരു പ്രോജക്ടിനു വേണ്ടി ടൈ അപ്പ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് പറ്റിയതല്ല എന്നു തോന്നിയപ്പോൾ ആ ബന്ധം വിട്ടു. ക്യാമറയിലൊന്നും ഞങ്ങൾ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. 

സെന്റിനറി ആഘോഷങ്ങൾ വ്യത്യസ്തമാവുമോ ? 

വെറും ആഘോഷമായിട്ടല്ല, അടുത്ത തലമുറയ്ക്ക് 25 വർഷത്തേക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ചർച്ചയാവുന്ന കാലത്ത് പാറമടകളും കുന്നും ഇടിച്ച് നിർമാണം തുടരാൻ പറ്റിയെന്നു വരില്ല. പുതിയ സാങ്കേതിക വിദ്യകൾ വരണം. അതിനു വേണ്ടിയുള്ള ചർച്ചകളാണ് പ്രധാനമായും നടക്കുക.  സഹകരണ മേഖലയിൽ മറ്റു സ്ഥാപനങ്ങൾക്കു കൂടി വളർന്നു വരാൻ കഴിയുന്ന ഒരു മാതൃകയും ഞങ്ങൾ അവതരിപ്പിക്കും.  

English Summary:

Uralungal Labour Co Operative Society Chairman Ramesan Paleri speaks about getting ready to celebrate the 100th year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com