ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും, വന്യജീവി ആക്രമണം തടയാനുമുള്ള നടപടികളുമായി  ഉന്നതതലസമിതി യോഗം ചേർന്ന് സംസ്ഥാന സർക്കാർ. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കാൻ ഉന്നതതലസമിതി യോഗത്തിൽ തീരുമാനമായി. നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെടുള്ള നിയമപ്രശ്നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. റവന്യൂ. പൊലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് വയനാട്ടിൽ കമാൻഡ് കൺ‌ട്രോൾ സെന്റർ കൊണ്ടുവരും. രണ്ടു പുതിയ ആര്‍ആര്‍ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ് സംവിധാനം നടപ്പാക്കും. പൊലീസ്, വനംവകുപ്പ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാകുമിത്.  വന്യജീവികളുടെ നിരീക്ഷണത്തിനായി കൂടുതൽ ഉപകരണങ്ങൾ സജ്ജമാക്കും. വന്യജീവി ആക്രമണത്തില്‍ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. 15ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary:

Wayanad Wild Animal Attack : High Level Meeting to monitor Situations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com