ADVERTISEMENT

ബാവലി (വയനാട്)∙ മാനന്തവാടിയിൽ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നതിനിടെ വനംവകുപ്പിനു നേരെ പ്രതിഷേധമുയരുന്നു. പനച്ചിയിൽ അജിയുടെ മൃതദേഹവുമായി ആയിരങ്ങൾ മാനന്തവാടി ഗാന്ധിപാർക്കിൽ പ്രക്ഷോഭം നടത്തിയപ്പോൾ കലക്ടറും പൊലീസ് മേധാവിയും ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരാരും എത്തിയിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരോടുള്ള അമർഷം പ്രക്ഷോഭത്തിൽ പ്രകടവുമായിരുന്നു.

വാച്ചർമാർ കാട് വിട്ടു

മനുഷ്യ–വന്യജീവി സംഘർഷം ഒരു പരിധി വരെ തടഞ്ഞിരുന്നത് വനംവകുപ്പ് വാച്ചർമാരാണ്. വനത്തോടു ചേർന്നു ജീവിക്കുന്ന ആദിവാസികളെയാണ് താൽക്കാലിക വനം വാച്ചർമാരായി നിയമിക്കുന്നത്. കൂടാതെ വേനൽക്കാലത്ത് ജനുവരി മുതൽ ഏപ്രിൽ, മേയ് വരെ ഫയർ വാച്ചർമാരെയും നിയമിക്കാറുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൽക്കാലിക വനംവാച്ചർമാരെ നാമമാത്രമായാണ് നിയമിക്കുന്നത്. പല വനംവാച്ചർമാരെയും പിരിച്ചുവിട്ടു. ജോലി ചെയ്യുന്നവർക്കാണെങ്കിൽ കൃത്യമായി ശമ്പളവും നൽകുന്നില്ല. മാസം പതിനയ്യായിരത്തോളം രൂപയായിരുന്നു ഇവരുടെ ശമ്പളം.

കാട്ടുതീ തടയുകയാണ് ഫയർ വാച്ചർമാരുടെ പ്രധാന ജോലിയെങ്കിലും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാനും ഇവരെ ഉപയോഗിച്ചിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും ധാരാളം വന്യമൃഗങ്ങളും വയനാടൻ കാടുകളിലേക്കെത്തും. രണ്ട് വർഷത്തോളമായി ഫയർ വാച്ചർമാരെ നിയമിച്ചിട്ട്. ഫണ്ടില്ല എന്നു പറഞ്ഞാണ് ഏറ്റവും താഴെത്തട്ടിൽ ജോലി ചെയ്തിരുന്ന ആദിവാസികളായ പരിചയ സമ്പന്നരെ ഒഴിവാക്കിയത്. ആനയിറങ്ങുമ്പോൾ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് കയറ്റുന്നതും ഏറുമാടങ്ങളിൽ കാവൽ കിടന്നിരുന്നതും ആനയുൾപ്പെടെ വന്യമൃഗങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിച്ചിരുന്നതും ചെറുപ്പം മുതല്‍ കാടിനെ അറിയാവുന്ന ഇവരായിരുന്നു. എന്നാൽ ഇവരുടെ എണ്ണം വെട്ടിക്കുറച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചു.

വനംവകുപ്പിന്റെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തി. വനംവകുപ്പിന്റെ ഒരു ജീപ്പിന് മാസം 17,000 രൂപയ്ക്ക് മാത്രം ഇന്ധനം നിറച്ചാൽ മതിയെന്നാണ് ഉത്തരവ് വന്നത്. പട്രോളിങ്ങും മറ്റും നടത്തുന്ന വാഹനങ്ങൾ ദിവസം 100 കിലോമീറ്റർ വരെ ഓടാറുണ്ട്. ഇങ്ങനെ ഓടുന്ന ജീപ്പുകൾക്ക് മാസം 28,000 രൂപയ്ക്ക് വരെ പെട്രോൾ അടിക്കേണ്ടി വരും. ഇന്ധന നിയന്ത്രണം വന്നതോടെ പല സ്ഥലത്തും രാത്രി പട്രോളിങ് ഒഴിവാക്കി. ഇതോടെ കാട്ടിൽനിന്ന് കടുവയും ആനയും നാട്ടിലേക്കിറങ്ങുന്നത് മുൻകൂട്ടി അറിയാൻ സാധിക്കാത്ത സാഹചര്യമായി.

ഉദ്യോഗസ്ഥൻമാരെ ‘പറപ്പിച്ചു’

ഏതാനും വർഷം മുൻപു‌വരെ, കാടിനെയും നാടിനെയും അറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു വയനാട്ടിൽ ഉണ്ടായിരുന്നത്. ചില രാഷ്ട്രീയക്കാരുടെയും റിസോർട്ട്, എസ്റ്റേറ്റ് മുതലാളിമാരുടെയും താൽപര്യപ്രകാരം മികച്ച ഉദ്യോഗസ്ഥരെ വയനാട്ടിൽനിന്നു സ്ഥലംമാറ്റി. വന്യജീവി ആക്രമണം പോലുള്ള പ്രശ്നങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്തിരുന്ന പല ഉദ്യോഗസ്ഥരും ഇന്ന് വലിയ ഉത്തരവാദിത്തമില്ലാത്ത ജോലികളാണ് ചെയ്യുന്നത്. ഇവരിൽ ചിലരെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് മാറ്റി. മറ്റു ചിലർ മനസ്സു മടുത്ത് സ്ഥലം വിട്ടു. പകരം വന്നവരിൽ പലരും നേരത്തേ അഴിമതി ആരോപണങ്ങൾ നേരിട്ടവരും. വയനാട്ടിൽ എത്തിയതോടെ ഇത്തരക്കാർക്ക് കോളായി.

വനംവകുപ്പിനായി കോടിക്കണക്കിന് രൂപയാണ് വയനാട്ടിലേക്കെത്തുന്നത്. ഇതിൽ പലതും പോകുന്ന വഴിയറിയുന്നില്ല. ട്രെഞ്ച് നിർമാണവും സോളർ വേലി നിർമാണവുമെല്ലാം നടത്തുന്നതിന്റെ പേരിൽ കോടികളാണ് ഓരോ വർഷവും പൊടിക്കുന്നത്. ആന പോലെയുള്ള വലിയ മൃഗങ്ങളെ തടയാൻ സോളർ വേലി കൊണ്ടൊന്നും സാധിക്കില്ലെന്ന് വ്യക്തമായി അറിയാമെങ്കിലും നിർമാണം തുടർന്നുകൊണ്ടേയിരിക്കുന്നു. വനത്തോട് ചേർന്ന് റിസോർട്ട് ഉൾപ്പെടെയുള്ള നിർമാണങ്ങൾക്ക് വനംവകുപ്പിന്റെ എൻഒസി വേണം. ഇതു നൽകാൻ ചില ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ തുക വാങ്ങുന്നുവെന്നു പരാതിയുണ്ട്. ഇത്തരം ഉദ്യോഗസ്ഥരിൽ പലർക്കും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ മടിക്കേണ്ട സാഹചര്യമാണ്.

English Summary:

Wayanad witnessing the rising confrontation between wild life and farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com