അബുദാബിയിൽ അഹ്ലൻ മോദി പരിപാടിക്ക് വൻ വരവേൽപ്, റജിസ്ട്രേഷൻ 65,000 കടന്നു
Mail This Article
അബുദാബി∙ അഹ്ലൻ മോദി പരിപാടിക്ക് അഭൂതപൂർവമായ പ്രതികരണം. അബുദാബിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹ്ലൻ മോദി പരിപാടിക്കായി 65,000 പേരാണ് റജിസ്റ്റർ ചെയ്തത്. മോദിക്ക് അബുദാബിയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഉള്ള സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. അബുദാബിയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് അഹ്ലൻ മോദി.
വികസിത ഇന്ത്യയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് കേൾക്കാൻ കാതോർത്തിരിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ സമൂഹമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധിർ പറഞ്ഞു. ഫെബ്രുവരി 13നാണ് മോദി അഹ്ലൻ മോദി പരിപാടിയിലൂടെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. രണ്ടുദിവസത്തെ യുഎഇ സന്ദർശനമാണ് മോദി നടത്തുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്. യുഎഇ പ്രസിഡൻറ് ശെയ്ഖ് മൊഹമ്മദ് ബിൽ സയെദ് അൽ നഹ്യാനുമായി മോദി കൂടിക്കാഴ്ച നടത്തും. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്യും. ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറും.
പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പുറമേ ഇന്ത്യൻ കലാരൂപങ്ങളുടെ വൈവിധ്യങ്ങൾ മനസ്സിലാക്കിത്തരുന്ന 700 കൾച്ചറൽ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന പ്രദർശനം ഉൾപ്പടെ തികച്ചും വ്യത്യസ്തമായ രീതിയിലുള്ള പരിപാടികൾ അഹ്ലൻ മോദിയുടെ ഭാഗമാണ്. ‘‘ഒറ്റയ്ക്കൊരു സംഘടന നടത്തുന്ന പരിപാടിയല്ല ഇത്. ഒരു സമൂഹം നടത്തുന്ന പരിപാടിയാണ്. പ്രധാനമന്ത്രിയുടെ പേര് ഉയരുമ്പോൾ ആളുകൾ ഇരമ്പിയാർക്കുകയാണ്. ഇത് പ്രധാനമന്ത്രിയോടുള്ള സ്നേഹമാണ്.’’ ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ പ്രസിഡന്റും അഹ്ലൻ മോദി പരിപാടിക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്ന ജിതേന്ദ്ര വൈദ്യ പറയുന്നു.
യുഎഇയിൽ ഏകദേശം 3.5 ദശലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. യുഎഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനം വരും ഇത്.