ADVERTISEMENT

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയുടെ ലോഗോയും അടങ്ങുന്ന ബാനർ, സെൽഫി പോയിന്റ് സജ്ജമാക്കാൻ സ്ഥാപിക്കേണ്ട ഫ്ലെക്സ് ബോർഡുകൾ എന്നിവ സംസ്ഥാനത്ത് എത്തിച്ചേർന്നു. ഏവർക്കും ഭക്ഷണം, പോഷകസമൃദ്ധമായ സമൂഹം– മോദി സർക്കാരിന്റെ ഉറപ്പ് എന്നു വാഗ്ദാനം ചെയ്യുന്ന ബാനറും ബോർഡുകളുമാണു സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഗോഡൗണുകളിലായി എത്തിയത്.

പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ബോർഡുകൾ വയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും മുൻപു തന്നെ ബാനറുകളും ബോർ‍ഡുകളും എത്തിയിരുന്നു. നേരത്തേ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭക്ഷ്യസെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത വിഡിയോ കോൺഫറൻസ് യോഗങ്ങളിൽ ബാനറിന്റെയും ബോർഡിന്റെയും കാര്യം കേന്ദ്ര ഭക്ഷ്യമന്ത്രാലയ സെക്രട്ടറി ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.

തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തയയ്ക്കുകയും ചെയ്തു. എല്ലാ റേഷൻ കടകളിലും വയ്ക്കുന്നതിനാണു ബാനർ. തിരഞ്ഞെടുക്കപ്പെട്ട കടകളിൽ സെൽഫി പോയിന്റുകൾ സജ്ജമാക്കാനാണ് ഫ്ലെക്സ് ബോർഡ്.

മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു 10 കിലോ സാധനങ്ങൾ കൊണ്ടുപോകാവുന്ന സഞ്ചി കേന്ദ്ര സർക്കാരിന്റെ ചിഹ്നവും പ്രധാനമന്ത്രിയുടെ ചിത്രവും പ്രിന്റ് ചെയ്ത് റേഷൻ കട വഴി നൽകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

English Summary:

Pradhan Mantri Garib Kalyan Anna Yojana Banners Reach Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com