ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയെന്ന് മന്ത്രി വീണാ ജോർജ്. ചൂട് വര്‍ധിക്കുന്നതിനാൽ നിര്‍ജലീകരണത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. 

വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ പകല്‍ 11 മണി മുതല്‍ മൂന്നുമണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പിഎച്ച്സി/സിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും താലൂക്ക് / ജില്ലാ /ജനറല്‍ ആശുപത്രി / മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കൂടുതൽ നേരം വെയിലത്ത് ജോലി ചെയ്യുന്നവരിൽ, നേരിട്ടു വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകാം. ഇവർ ഉടനടി ഡോക്‌ടറെ കണ്ടു ചികിത്സ തേടണം. പൊള്ളിയ കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ടു പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ചു വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയുംവേണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതല്‍ ബാധിക്കുക. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

സൂര്യാഘാതം 

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്കു കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണു സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടാകാം. ഉടനെ തന്നെ ഡോക്ടറുടെ സേവനം തേടണം.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം 

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

രോഗ ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

∙സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍, വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

∙ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

∙തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

∙ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.

∙ഫലങ്ങളും സാലഡുകളും കഴിക്കുക.

∙ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുക

പ്രത്യേക ശ്രദ്ധ വേണ്ടവര്‍

·മുതിര്‍ന്ന പൗരന്‍മാര്‍ (65 വയസിന് മുകളില്‍), ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ (4 വയസിന് താഴെയുള്ളവര്‍), ഗുരുതരമായ രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

∙വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.

∙യാത്രകള്‍ വേണ്ടി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കൈയില്‍ കരുതുക.

∙നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.

∙കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കുക

∙കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്താൻ പാടില്ല.

∙ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം

∙കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

∙കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

∙പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

English Summary:

High Heat in Kerala, Health Department Issued directions to Public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com