ഭർത്താവിന്റെ ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാന്‍ എത്തിയ ഗർഭിണിയെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോൾ ഒഴിച്ചു കത്തിച്ചു

Mail This Article
ഭോപാൽ∙ മധ്യപ്രദേശിൽ ഗർഭിണിയായ സ്ത്രീയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മധ്യപ്രദേശിലെ മൊറാന ജില്ലയിലെ ചാന്ദ് കാ പുര ഗ്രാമത്തിലാണു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ഗ്വാളിയാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്ത്രീയുടെ ശരീരത്തിന്റെ എൺപത് ശതമാനവും പൊള്ളലേറ്റു.
ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാനാണ് സ്ത്രീ അതിജീവതയുടെ ഗ്രാമത്തിലെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന മൂന്നുപേരാണ് പ്രതികൾ. കൂട്ട ബലാത്സംഗത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്‍ത്രീയും പുരുഷന്മാരും ചേർന്നാണ് തന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചതെന്ന് ഇര പറയുന്ന വിഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർ സംസാരിച്ചത്.
ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഭർത്താവാണ് വിഡിയോ പൊലീസിനു കൈമാറിയത്. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.