കമൽനാഥും മകനും ഡല്‍ഹിയിൽ, ജയ്ശ്രീറാം വിളിച്ച് ബിജെപി നേതാവ്; ഇനി കമലിന്റെ ഊഴമെന്നും കുറിപ്പ്

Mail This Article
ന്യൂഡൽഹി∙ ബിജെപിയിൽ ചേക്കേറുമെന്ന വാർത്തകൾക്കിടെ കോൺഗ്രസ് നേതാവ് കമൽനാഥും അദ്ദേഹത്തിന്റെ മകനും എംപിയുമായ നകുൽനാഥും ശനിയാഴ്ച ഡൽഹിയിലെത്തിയത് അഭ്യൂഹങ്ങൾ ശക്തമാക്കി. കമൽനാഥിന്റെ പരാമർശങ്ങളും സമൂഹമാധ്യമങ്ങളിൽ ബിജെപി നേതാക്കൾ നടത്തുന്ന പ്രതികരണങ്ങളുമാണു പുതിയ ഊഹാപോഹങ്ങൾക്കു വഴിയൊരുക്കുന്നത്. ബിജെപിയിലേക്കു പോകുമോ ഇല്ലയോ എന്നു പറയാൻ കമൽനാഥ് ഇതുവരെ മുന്നിട്ടിറങ്ങിയിട്ടില്ല. എന്നാൽ അദ്ദേഹത്തെ ചുറ്റിപ്പറ്റി വരുന്ന വാർത്തകൾ നിഷേധിക്കുന്നുമില്ല. എന്തെങ്കിലും സംഭവിച്ചാൽ ആദ്യം മാധ്യമങ്ങളെ തന്നെ അറിയിക്കുമെന്നാണു കമൽനാഥ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ബിജെപി വക്താവായ നരേന്ദ്ര സലൂജ കമൽനാഥിനും മകൻ നകുൽനാഥിനും ഒപ്പമുള്ള ചിത്രം എക്സിൽ പങ്കുവച്ചത് ജയ്ശ്രീറാം എന്ന തലക്കെട്ടോടെയാണ്.
കമൽനാഥിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവരുടെ കൂട്ടത്തിൽ വയനാട് എംപി ഉണ്ടെന്ന് ആരോപിച്ച് സലൂജ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ദേശീയ മാധ്യമ പാനലിസ്റ്റ് അലോക് ശർമയുടെയും ചിത്രവും എക്സിൽ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി തന്റെ വികാരം പ്രകടിപ്പിച്ചു. ഇനി കമൽനാഥിന്റെ ഊഴമാണ് എന്നാണ് ആ പോസ്റ്റിൽ സലൂജ കുറിച്ചിരിക്കുന്നത്. കമൽനാഥിനെ വിശ്വസിച്ചതാണു മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് തോൽവിക്കു കാരണമായതെന്നു കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിൽ അലോക് ശര്‍മ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കമൽനാഥ് ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെട്ടോയെന്നു ഞാൻ സംശയിക്കുന്നുവെന്നും അലോക് സൂചിപ്പിച്ചിരുന്നു.
അതേസമയം, കമൽനാഥും മകനും ഇന്ന് ബിജെപിയിൽ ചേർന്നേക്കാമെന്നു ഒരു മുതിർന്ന നേതാവ് പറയുന്നു. അമിത് ഷായും ജെ.പി.നഡ്ഡയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾക്കു ശുഭപര്യവസാനം ഉണ്ടാവുകയാണെങ്കിൽ ഞായറാഴ്ച മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ കമൽനാഥ് ബിജെപിയിൽ ചേരുമെന്നാണു അദ്ദേഹം പറയുന്നത്. കമൽനാഥിനോട് അവസാനമായി വെള്ളിയാഴ്ചയാണ് സംസാരിച്ചതെന്നും തനിക്കും കോൺഗ്രസിനും ഇടയിലുള്ള കാര്യങ്ങൾ സുഗമമല്ലെന്നു അദ്ദേഹം പറഞ്ഞതായും മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ സിങ് പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ ‘മൂന്നാമത്തെ മകനെ’ന്നു വിശേഷിപ്പിക്കപ്പെടുന്ന കമൽനാഥ് ഒരിക്കലും കോൺഗ്രസ് വിടില്ലെന്നാണ് മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പറയുന്നത്. കമൽനാഥിനു ബിജെപിയുടെ ആശയങ്ങളുമായി ഒരിക്കലും യോജിച്ചുപോകാനാവില്ലെന്നു മുതിർന്ന നേതാവ് ദ്വിഗ്‌വിജയ് സിങ്ങും പറഞ്ഞു.