‘കമൽനാഥ് കോൺഗ്രസുകാരനായി തുടരും, ഇതു ഗൂഢാലോചന’: ബിജെപിയിലേക്കെന്ന വാർത്ത തള്ളി പാർട്ടി നേതൃത്വം

Mail This Article
ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്ത തള്ളി കോൺഗ്രസ്. പുറത്തുവരുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കമൽനാഥുമായി ഈ വിഷയം സംസാരിച്ചിരുന്നതായും മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ജിത്തു പട്‌വാരി പറഞ്ഞു. കമൽനാഥ് കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും ജിത്തു പട്‌വാരി വ്യക്തമാക്കി.
Read Also: കമൽനാഥും മകനും ഡല്‍ഹിയിൽ, ജയ്ശ്രീറാം വിളിച്ച് ബിജെപി നേതാവ്; ഇനി കമലിന്റെ ഊഴമെന്നും കുറിപ്പ്
‘‘കമൽനാഥിനെതിരെ നടക്കുന്ന ഗുഢാലോചനയുടെ ഭാഗമാണിത്. ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തുടരുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരും എന്നാണ് അദ്ദേഹം പറഞ്ഞത്.’’– ജിത്തു പട്‌വാരി പറഞ്ഞു.
നേരത്തേ, എഐസിസി ജനറൽസെക്രട്ടറി ജിതേന്ദ്ര സിങ്ങും കമൽനാഥിന്റെ ബിജെപി പ്രവേശം സംബന്ധിച്ച വാർത്ത തള്ളിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃപദവികളിൽനിന്ന് ഹൈക്കമാൻഡ് തന്നെ നീക്കിയതിൽ കമൽനാഥിന് അമർഷമുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കു ശക്തിപകർന്നു കൊണ്ട് കമൽനാഥ് കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു.