‘കേരളത്തിന്റെ കഴുത്തിനുപിടിച്ച് കേന്ദ്രം ശ്വാസം മുട്ടിക്കുന്നു; സർക്കാരിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നു’
Mail This Article
തിരുവനന്തപുരം∙ കേരളത്തിന് അർഹതപ്പെട്ട 25,000 കോടിയോളം രൂപ ആവശ്യപ്പെട്ടു സുപ്രീംകോടതിയിലുള്ള ഹർജി പിൻവലിച്ചാൽ മാത്രമേ, മാർച്ചിനകം സ്വാഭാവികമായി ലഭിക്കേണ്ട 13,000 കോടി രൂപ നൽകുകയുള്ളൂ എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മർക്കട മുഷ്ടിയെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
അവകാശങ്ങൾക്കു വേണ്ടി കോടതികളെ സമീപിക്കുന്നതു ഭരണഘടനാപരമായ കാര്യമാണ്. അത് അംഗീകരിക്കില്ലെന്നാണു കേന്ദ്ര നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തരാനുള്ള തുക കൂടി തടഞ്ഞുവച്ച് കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിനെ കേന്ദ്രം ബ്ലാക്ക്മെയിൽ ചെയ്യുകയാണ്.
22,000 കോടി രൂപയാണു കഴിഞ്ഞ മാർച്ചിൽ വിവിധ പേയ്മെന്റുകൾക്കായി സർക്കാരിനു വേണ്ടിവന്നത്. ഈ മാർച്ചിലും അത്രയും തന്നെ തുക ആവശ്യമുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി കേന്ദ്രം കേരളത്തിന്റെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിക്കുകയാണെന്നു ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.