എറണാകുളം ബാർ വെടിവയ്പ്: മുഖ്യപ്രതി വിനീത് വിജയൻ പിടിയിൽ

Mail This Article
കൊച്ചി∙ കതൃക്കടവ് ഇടശേരി ബാറിൽ വെടിവയ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഒന്നാം പ്രതി വിനീത് വിജയനെ ഇന്നലെ രാത്രിയാണ് നോർത്ത് പൊലീസിന്റെ പിടികൂടിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഒളിവിൽ താമസിക്കുകയായിരുന്നു. ഇയാൾ മുൻപും പല കേസുകളിൽ പ്രതിയാണ്. വിനീതിന്റേതാണ് ആക്രമണത്തിന് ഉപയോഗിച്ച തോക്കെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Read also: മോഷണസംഘത്തെ പിടികൂടാൻ ശ്രമം; കേരള പൊലീസിനു നേരെ അജ്മേറിൽ വെടിവയ്പ്, 2 പേർ പിടിയിൽ
വെടിവയ്പ് സംഘത്തിലെ അഞ്ചുപേരിൽ മൂന്നു പേരെ പിറ്റേന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ പോകാനും സഹായിച്ചവരും പണം നൽകിയവരുമടക്കം 13 പേർ പിടിയിലായി. എന്നിട്ടും കാണാമറയത്ത് കഴിഞ്ഞിരുന്ന വിനീത് ഇന്നലെയാണ് നോർത്ത് പൊലീസിന്റെ പിടിയിലാകുന്നത്.
ഫെബ്രുവരി 12ന് രാത്രി പതിനൊന്നരോടെയാണ് സംഭവം നടന്നത്. വെടിവയ്പ്പിൽ ബാർ മാനേജർ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടിൽ ജിതിൻ ജോർജ് (25), ബാർ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിൻ ജോൺ (30), അഖിൽ (30) എന്നിവർക്കാണ് പരുക്കേറ്റത്. സുജിന്റെ വയറിലും അഖിലിന്റെ ഇടതുതുടയിലുമാണ് വെടിയേറ്റത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിൽ ഇരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു.
ഇവിടെവച്ചു പ്രതികളായ ഷമീറും ദിൽഷനും തമ്മിൽ വാക്കുതർക്കവും സംഘട്ടനവുമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജർ ജിതിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന വെയ്റ്റർമാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു ജീവനക്കാരായ അഖിൽനാഥ്, സുജിൻ എന്നിവർക്കു നേരെ വെടിയുതിർത്തു. തുടർന്നു സംഘം കടന്നുകളയുകയായിരുന്നു.