ജി ആൻഡ് ജി നിക്ഷേപ തട്ടിപ്പു കേസ്: ഒളിവിലായിരുന്ന പ്രതികൾ ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങി

Mail This Article
കോഴഞ്ചേരി∙ പുല്ലാട് ജി ആൻഡ് ജി നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളായ ഗോപാലകൃഷ്ണനും മകൻ ഗോവിന്ദും തിരുവല്ല ഡിവൈഎസ്പി മുൻപാകെ കീഴടങ്ങി. 100 കോടി രൂപയുടെ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നുവെന്നാണു സംശയിക്കുന്നത്. 124 കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Read also: ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടുപോകരുതെന്ന് ഇ.ഡി നോട്ടിസ്
ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് ഒരാഴ്ച മുൻപ് നാട്ടുകാർ മാർച്ച് നടത്തിയിരുന്നു.