ബൈജൂസിൽ നാടകീയ നീക്കങ്ങൾ; ബൈജുവിനെ പുറത്താക്കാൻ നിക്ഷേപകരുടെ വോട്ട്, യോഗം തടസപ്പെടുത്താൻ ജീവനക്കാരുടെ ശ്രമം
Mail This Article
ബെംഗളൂരു∙ എഡ്–ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ സിഇഒ സ്ഥാനത്തുനിന്ന് പുറത്തേക്ക്? ഇന്നു ചേർന്ന ഓഹരി ഉടമകളുടെ യോഗത്തിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ആവശ്യമുയർന്നു. കമ്പനിയുടെ അസാധാരണ ജനറൽ ബോഡി യോഗത്തിലാണ് ഓഹരിയുടമകൾ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തത്. ഈ യോഗത്തിൽ കമ്പനിയുടെ 60 ശതമാനം ഓഹരിയുടമകളും പങ്കെടുത്തതായാണു വിവരം. ബൈജൂസിലെ പ്രധാന ഓഹരിയുടമകളായ പ്രോസസ് എൻവി, പീക് എക്സ്‌വി എന്നിവർ ബൈജു രവീന്ദ്രനെ പുറത്താക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മറ്റു ചില നിക്ഷേപകരും ബൈജുവിനെതിരെ വോട്ടു ചെയ്തു.
Read more at: ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടുപോകരുതെന്ന് ഇ.ഡി നോട്ടിസ്
അതേസമയം, തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. അദ്ദേഹം യോഗം ബഹിഷ്കരിച്ചിരുന്നു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിക്ക് എത്തിയതെന്നാണു ബൈജുവിന്റെ നിലപാട്. അതുകൊണ്ടുതന്നെ യോഗതീരുമാനങ്ങൾ അസാധുവാണെന്നും ബൈജു രവീന്ദ്രൻ അവകാശപ്പെട്ടു. യോഗത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ബൈജൂസ് വാർത്താക്കുറിപ്പും പുറത്തിറക്കി. 2015ലാണ് ബൈജു രവീന്ദ്രൻ ബൈജൂസ് സ്ഥാപിച്ചത്.
Read more at:ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല; ബെംഗളൂരുവിലെ വീടുകൾ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ
അതിനിടെ, ഓഹരിയുടമകളുടെ യോഗം തടസ്സപ്പെടുത്താൻ ബൈജൂസിന്റെ ജീവനക്കാർ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഓഹരിയുടമകളുടെ സൂം മീറ്റിങ്ങിലേക്ക് അനധികൃതമായി കടക്കാൻ ജീവനക്കാർ ശ്രമിച്ചതായാണു റിപ്പോർട്ട്. അനാവശ്യ ശബ്ദങ്ങൾ സൃഷ്ടിച്ചും സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കിയും യോഗം തടസപ്പെടുത്താനായിരുന്നു ശ്രമമെന്നു യോഗത്തിൽ പങ്കെടുത്ത ഓഹരിയുടമകളെ ഉദ്ധരിച്ചു വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read more at: ബൈജൂസ് തിരിച്ചു വരുമോ? അതോ ബൈജു പുറത്താകുമോ?
ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കം സജീവമായത്.
അതേസമയം, തകർച്ചയിൽനിന്നു കരകയറാനുള്ള തീവ്ര ശ്രമത്തിലാണു കമ്പനി. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി ബൈജു രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളുമായി അദ്ദേഹം ഓഹരി ഉടമകൾക്കു കത്തയയ്ക്കുകയും ചെയ്തു. ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണു ബൈജുവിന്റെ പ്രധാന വാഗ്ദാനം. ഓഹരിയുടമകൾ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് ഇന്നത്തെ യോഗത്തിലൂടെ വ്യക്തമാകുന്നത്.