നൈറ്റ് ക്ലബിൽ പ്രവേശനം നിഷേധിച്ചു, കൊടുംതണുപ്പിൽ ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥി മരിച്ചു
Mail This Article
ഇല്ലിനോയ്∙ ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥി അകുൽ ധവാനെ (18) യുഎസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുംതണുപ്പില്‍ ക്ലബില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈപ്പോതെർമിയ മൂലം മരണപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഇല്ലിനോയ് അബാന–ഷാമ്പെയ്ൻ സർവകലാശാല വിദ്യാർഥിയായിരുന്നു അകുൽ.
ജനുവരി 20നാണ് അകുലിന്റെ മൃതദേഹം ക്യാംപസിന് സമീപമുള്ള കെട്ടിടത്തിന്റെ പുറകുവശത്തുനിന്ന് കണ്ടെത്തിയത്. ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങൾ അകുലിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുവെങ്കിലും യഥാർഥ മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം നടത്തുകയാണ്.
ജനുവരി 20ന് രാത്രി 11.30ന് സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയതായിരുന്നു അകുൽ. തൊട്ടുമുൻപത്തെ ദിവസം പോയ ക്യാംപസിന് അടുത്തുതന്നെയുള്ള കനോപി ക്ലബിൽ പോകാൻ അവർ തീരുമാനിച്ചു. എന്നാൽ ക്ലബ് ജീവനക്കാരൻ അകുലിന് പ്രവേശനം നൽകിയില്ല. പലതവണ ക്ലബിനകത്ത് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരൻ തടയുകയായിരുന്നു. അകുലിന് വേണ്ടി വിളിച്ച രണ്ടു ഷെയർ വാഹനങ്ങളും അവൻ നിരസിച്ചു.
പിന്നീട് അകുലിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതായി. സുഹൃത്ത് പലതവണ അകുലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ ക്യാംപസ് പൊലീസിൽ വിവരമറിയിച്ചു. അകുൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒരു ഉദ്യോഗസ്ഥൻ കാറുമായി പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.
പിറ്റേന്ന്, ഒരു സർവകലാശാല ജീവനക്കാരനാണ് ക്യാംപസിന് അടുത്തുള്ള കെട്ടിടത്തിൽ കണ്ടെത്തിയ യുവാവിന് വൈദ്യസഹായം വേണമെന്നാവശ്യപ്പെട്ട് പൊലീസിനെ ബന്ധപ്പെടുന്നത്. എന്നാൽ അപ്പോഴേക്കും അകുൽ മരിച്ചിരുന്നതായി പൊലീസ് പറയുന്നു. വലിയ അളവിൽ മദ്യപിച്ച്, കഠിനമായ തണുപ്പിൽ ദീർഘനേരം കഴിഞ്ഞ അകുൽ ഹൈപ്പോതെർമിയ മൂലമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഇല്ലിനോയ്ലും മധ്യപടിഞ്ഞാറൻ പ്രദേശങ്ങളിലും ജനുവരി പകുതിവാരം മുതൽ കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഇഷ്–റിതു ധവാൻ ദമ്പതികളുടെ മകനാണ് അകുൽ. ഇലക്ട്രിക്കൽ–കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ റോബോട്ടിക്സ് വിദ്യാർഥിയായിരുന്നു