ഐഎൻഎൽഡി നേതാവിന്റെ വധം: പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യം പുറത്ത് -വിഡിയോ

Mail This Article
ചണ്ഡിഗഡ്∙ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുൻ എംഎൽഎയുമായ നഫേ സിങ് റാഠിയെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. കൊലപാതകത്തിനു തൊട്ടുമുൻപ് പ്രതികൾ കാറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. നാലുപേരാണു വാഹനത്തിലുള്ളത്. സമീപപ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വഹാനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മുൻ ബിജെപി എംഎൽഎ നരേഷ് കൗശിക്, രമേശ് റാഠി, സതീഷ് റാഠി, രാഹുൽ എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഫേ സിങ് റാഠിക്ക് എതിരെ വധഭീഷണിയുണ്ടായിട്ടും സർക്കാർ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് ഐഎൻഎൽഡിയുടെ മുതിർന്ന നേതാവ് അഭയ് ചൗത്താല പറഞ്ഞു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആഭ്യന്തരമന്ത്രി അനിൽ വിജ് എന്നിവർ രാജിവയ്ക്കണമെന്നും അഭയ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് ഝജ്ജർ ജില്ലയിലെ ബഹാദുർഗഡ് ടൗണില്‍ വച്ചായിരുന്നു കൊലപാതകം. നഫേ സിങ് റാഠി സഞ്ചരിച്ച എസ്‍യുവിക്ക് നേരെ അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെടുകയും രണ്ടുപേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.