ADVERTISEMENT

കൊല്ലം ∙ തനിക്കെതിരെ തിരഞ്ഞെടുപ്പുകാലത്ത് നിരന്തരമായ വ്യാജ വാർത്തകൾ പടച്ചുവിട്ട് വ്യക്തിഹത്യയിലൂടെ രാഷ്ട്രീയ ഉന്മൂലനമാണു ചിലർ ലക്ഷ്യമിടുന്നതെന്ന് എംപിയും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ എൻ.കെ.പ്രേമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള വിരുന്നിനുശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി ബിജെപിയിലേക്ക് എന്ന അവകാശവാദത്തോടെ നിരവധി വ്യാജ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. പ്രചാരണങ്ങളിലെ സത്യാവസ്ഥയെക്കുറിച്ച് മനോരമ ഓൺലൈൻ ഫാക്ട്ചെക്കിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമായ വ്യാജ പ്രചാരണവും അപവാദപ്രചാരവേലകളുമാണ് രാഷ്ട്രീയ പ്രതിയോഗികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദീർഘകാലത്തെ രാഷ്ട്രീയ വിശ്വാസതയെയും ബാധിക്കുന്ന തരത്തിൽ വളരെ വിശ്വസനീയമായ നിലയിലുള്ള കാർഡുകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വ്യക്തിഹത്യയിലൂടെ രാഷ്ട്രീയ ഉന്മൂലനം ചെയ്യുന്ന പരമ്പരാഗത നയങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ നടപ്പിലാക്കാനാണ് ഇന്ന് രാഷ്ട്രീയ പ്രതിയോഗികൾ ശ്രമിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകൾ അഥവാ കാർഡുകൾ നൂറു ശതമാനം അടിസ്ഥാനരഹിതവും വസ്തുതകളുമായി ബന്ധമില്ലാത്തതാണ്.

Read more at: ‘ഇതാണോ മോദി ഗാരന്റി, കന്റീനിൽ സംഭവിച്ചതെന്ത്?: പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ’

താൻ ബിജെപിയിലേക്ക് ചേക്കേറുന്നു ബിജെപിയുടെ സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യുന്നു തുടങ്ങിയ വിവരങ്ങളുമായി പോസ്റ്റുകളും തന്റേതെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള കാർഡുകളുമാണ് പ്രചരിക്കുന്നത്. ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതും നിയമവിരുദ്ധവുമാണ്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ രാജ്യത്തിന്റെ രാഷ്ട്രീയ  അന്തരീക്ഷത്തെ തന്നെ മലീമസപ്പെടുത്തും. ഇത് നമ്മുടെ രാഷ്ട്രീയ വിശ്വാസ്യതയെയും ജനാധിപത്യ സംവിധാനത്തേയും ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Read more at: മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രനൊപ്പമെത്തിയ 4 പാർട്ടിയിലെ 7 എംപിമാർ: എന്തിന് ഇവർക്ക് മാത്രം ആ സർപ്രൈസ്

മനസ്സിൽപോലും ചിന്തിക്കാത്ത കാര്യങ്ങൾ നമ്മുടേതെന്നു വരുത്തി തീർക്കുന്ന നിലയിൽ വാർത്തകളാക്കി പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രവണതകൾ ജനാധിപത്യ പ്രക്രിയയെ തന്നെ ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കു. എതിർക്കുന്നവരെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വ്യക്തിഹത്യയിലൂടെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തത്തിൽ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ബോധപൂർവം ഇത്തരം ക്യാംപയ്നുകൾക്ക് നേതൃത്വം നൽകുന്നു.

Read more at: ‘വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല’

നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തു നിലവിലുള്ള നിയമത്തിന്റെ പരിമിതികളിലെ ആനുകൂല്യമുപയോഗിച്ചാണ് സമൂഹത്തിൽ വിഭാഗീയത വളർത്തുന്നതിനുള്ള ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. പലപ്പോഴും ഇത്തരം പരാതികളിൽ സൈബർ സെല്ലിനു പോലും ഫലപ്രദമായ നടപടി സ്വീകരിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വ്യാപകമായി സൈബർ വേട്ടയ്ക്ക് ഇരയായ വ്യക്തിയാണ് ഞാൻ. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ വിശ്വാസ്യതയെയും വ്യക്തിഗതമായ സവിശേഷതകളെയും ചോദ്യം ചെയ്യുകയും വ്യക്തിത്വത്തെ പോലും തകർക്കുന്ന നിലയിലുള്ള അപവാദം നിറഞ്ഞതും മലീമസവുമായ പ്രചാരണങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുന്നതിന് രാഷ്ട്രീയ പ്രതിയോഗികൾ പുറത്തെടുക്കുന്നത്.

Read more at: ചന്ദ്രശേഖരന്റെ ‘വെടി’, പിണറായിയുടെ വിരുന്ന്... മോദിക്കൊപ്പം ഊണു കഴിച്ചാൽ പ്രേമചന്ദ്രന്റെ സീറ്റ് പോകുമോ?

ഇത്തരം നീക്കങ്ങളെ പൊതുസമൂഹം ശക്തമായി അപലപിക്കണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള ഇത്തരം വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണം. പ്രചാരണങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ചു പരിശോധനയ്ക്ക് ഒരു സമൂഹം വിധേയമാകണം. അല്ലാത്തപക്ഷം തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സമൂഹത്തിൽ ഉണ്ടാകും. ശരിയും തെറ്റും ഏതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം സമൂഹത്തെ ആശയെ കുഴപ്പത്തിലാക്കി  തെളിവെള്ളം കലക്കി മീൻ പിടിക്കാൻ നടത്തുന്ന ഇത്തരം പരിശ്രമങ്ങളെ സർവശക്തിയും ഉപയോഗിച്ച് എതിർക്കാൻ സമൂഹത്തിനു കഴിയണം.

Read more at: മതനിരപേക്ഷ നിലപാടുള്ളവരെ സിപിഎം സംഘിയാക്കുന്നു: എൻ.കെ.പ്രേമചന്ദ്രൻ

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. രാഷ്ട്രീയമായ എതിർപ്പുകളും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഹാസ്യാത്മകമായ പ്രചരണങ്ങളുമാകാം. എന്നാൽ ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങളെ നിഷ്ക്കരുണം നിരാകരിക്കാനുള്ള രാഷ്ട്രീയ പ്രതിബദ്ധത കേരളത്തിലെ പൊതുസമൂഹത്തിന് ഉണ്ടാകണം. ഇത്തരം പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സൈബർ സെല്ലിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

NK Premachandran MP reaction against Fake News on him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com