‘ജനങ്ങൾക്ക് എന്നെ വിശ്വാസം, ബിജെപിയുടേത് ഷോ പൊളിറ്റിക്സ്; വാജ്പേയിയുടെ അനുഭവമാകും മോദിക്ക്’

Mail This Article
കോഴിക്കോട് ∙ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയവുമായാണ് എം.കെ.രാഘവൻ എംപിയായത്. പി.എ.മുഹമ്മദ് റിയാസ് വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് മണ്ഡലത്തിൽ 838 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.കെ.രാഘവൻ കഷ്ടിച്ച് ജയിച്ചുകയറി. പിന്നീട് ഓരോ തവണ മത്സരിച്ചപ്പോഴും ഭൂരിപക്ഷം കൂടിക്കൊണ്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുരുതര ആരോപണങ്ങള്‍ ഉയർന്നപ്പോഴും രാഘവന്റെ ഭൂരിപക്ഷം വർധിച്ചു. നാലാം തവണ മത്സര രംഗത്തിറങ്ങുമ്പോൾ ഭൂരിപക്ഷം ഇനിയും വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രാഘവൻ. കോഴിക്കോട്ടുകാർ ‘രാഘവേട്ടൻ’ എന്ന് വിളിക്കുന്ന എം.കെ.രാഘവൻ മനോരമ ഓൺലൈനോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു.
Read Also: കോഴിക്കോട്ട് ജനകീയരുടെ പോരാട്ടം ‘ഇടത്തും വലത്തും എംപി’...
∙ 2009ൽ മത്സരിച്ചപ്പോൾ 838 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 85000ത്തിലധികമായി. ഓരോ തവണയും ഭൂരിപക്ഷം വർധിക്കാനുള്ള കാരണം?
ജനങ്ങളുടെ വിശ്വസമാണു പരമപ്രധാനം. എന്റെ വീട്ടിൽ ആർക്കും വരാം, എപ്പോഴും വരാം. ഏത് രാത്രിക്ക് വിളിച്ചാലും ഞാൻ തന്നെ ഫോണെടുക്കും. ഇത് ഒരു വിശ്വാസത്തിന്റെ കാര്യമാണ്. കോഴിക്കോട്ടെ ജനങ്ങൾക്ക് എന്നെ വിശ്വാസമാണ്, എനിക്ക് അവരെയും വിശ്വാസമാണ്. എന്നെ എല്ലാ പാർട്ടിക്കാരും വിളിക്കും. എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് ആർക്കും എപ്പോഴും വന്ന് കാണാം. അങ്ങനെ രൂപപ്പെട്ട ശക്തമായ ബന്ധമാണ് ഓരോ തിരഞ്ഞെടുപ്പിലും എന്റെ ഭൂരിപക്ഷം വർധിക്കാൻ കാരണമായത്.

∙ ഇത്തവണ എത്ര ഭൂരിപക്ഷം കിട്ടും?
ഭൂരിപക്ഷം എന്നത് പ്രവചനങ്ങൾക്ക് അപ്പുറത്താണ്. പ്രചാരണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ മാത്രമേ ഭൂരിപക്ഷം എത്ര ലഭിക്കും എന്ന് പറയാൻ സാധിക്കൂ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും എൽഡിഎഫാണ് ഭരിക്കുന്നത്. എന്നിരുന്നാലും ഈ മണ്ഡലങ്ങളിലെല്ലം വ്യക്തിബന്ധം പുലർത്തുന്ന ആളാണ് ഞാൻ. 2009ൽ വോട്ടിന്റെ തലേ ദിവസം അന്നത്തെ എതിർ സ്ഥാനാർഥി ആയിരുന്ന മുഹമ്മദ് റിയാസിനെയും എന്നെയും ഇരുത്തി ചാനൽ ചർച്ച നടത്തിയിരുന്നു. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് റിയാസ് പറഞ്ഞത്. കണക്കുവച്ച് നോക്കുമ്പോൾ റിയാസ് പറഞ്ഞതായിരിക്കും ശരിയെന്ന് ഞാൻ പറഞ്ഞു. എന്നാൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ഞാൻ ജയിക്കാനാണ് സാധ്യത എന്നും പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എനിക്ക് ലഭിച്ച പ്രതികരണത്തിൽ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിക്കാൻ സാധിക്കും. കാരണം അത്രമാത്രം വികസന പദ്ധതികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. യുപിഎയുടെ കാലം മുതൽ നിരവധി പദ്ധതികൾ കൊണ്ടുവരാനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 200 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ആരോഗ്യ മേഖലയിൽ മറ്റനവധി പദ്ധതികൾ കൊണ്ടുവന്നു. കാസർകോട് മുതലുള്ള ഇഎസ്ഐ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും മറ്റും ലഭിക്കാൻ തൃശൂർ പോകണമായിരുന്നു. ഇപ്പോൾ കോഴിക്കോട് വന്നാൽ മതി. ചെയ്ത കാര്യങ്ങളേ പറഞ്ഞിട്ടുള്ളു, ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്.
∙ കഴിഞ്ഞ തവണത്തെ എംപി ഫണ്ട് പൂർണമായി ഉപയോഗിച്ചോ?
എംപി ഫണ്ടായി ലഭിച്ച മുഴുവൻ തുകയും ഉപയോഗിച്ചു. ഇനി ലക്ഷ്യം വയ്ക്കുന്നത് ബേപ്പൂർ തുറമുഖം മേജർ തുറമുഖമാക്കി മാറ്റുക എന്നതാണ്. മറ്റൊന്ന് എയിംസ് ആണ്. അടുത്ത മുദ്രാവാക്യം ആണത്. കൂടാതെ ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ കൊണ്ടുവരും. നൂറോളം ബസുകൾ നിലവിൽ ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നുണ്ട്. അത്രയും ആളുകൾ കോഴിക്കോട്ടുനിന്നും ബെംഗളൂരുവിലേക്ക് യാത്ര നടത്തുണ്ട്. ഒരു ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിക്കിട്ടി. കോയമ്പത്തൂർ വന്നു കിടക്കുന്ന ചില ട്രെയിനുകൾ കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവ–മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു.
∙ വി.ഡി.സതീശനും കെ.സുധാകരനും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
ഏത് വീട്ടിലാണ് പ്രശ്നമില്ലാത്തത്. ജ്യേഷ്ഠനും അനിയനും തമ്മിലുള്ള പ്രശ്നമായേ അത് കാണേണ്ടതുള്ളു. അതൊന്നും ഒരിക്കലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല
∙ ശക്തനായ എളമരം കരീമിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്?
ഞാൻ മുൻപ് നേരിട്ട മൂന്ന് എൽഡിഎഫ് സ്ഥാനാർഥികളും വളരെ ശക്തരായിരുന്നു. പി.എ.മുഹമ്മദ് റിയാസ്, എ.വിജയരാഘവൻ, എ.പ്രദീപ് കുമാർ എന്നിവരെല്ലാം കരുത്തരായിരുന്നു. ദുർബലൻമാരാരും നിന്നിട്ടില്ല. കരീം വളരെ ശക്തനായ സ്ഥാനാർഥിയാണ്.

∙ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ കോഴിക്കോട് മണ്ഡലത്തിൽ പ്രതിഫലനം ഉണ്ടാകുമോ?
രാഹുൽ ഗാന്ധി മത്സരിച്ചാൽ കേരളം മൊത്തം അതിന്റെ പ്രതിഫലനം ഉണ്ടാകും. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും അനുകൂല തരംഗമുണ്ടാകും.
∙ നിയമസഭാ മണ്ഡലങ്ങളിൽ ഏഴിൽ ആറും എൽഡിഎഫാണ് ഭരിക്കുന്നത്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
ഞാൻ മൂന്നുതവണ ജയിച്ചതിന്റെ ഒരു കെമിസ്ട്രിയുണ്ട്. അത് ഏതെങ്കിലും ജാതിയോ മതമോ ഒന്നുമല്ല. മുഴുവൻ സമയവും മണ്ഡലത്തിൽ ജനങ്ങളുടെ കൂടെയുണ്ട്. ജനങ്ങൾക്ക് എന്നെയും എനിക്ക് ജനങ്ങളെയും വിശ്വാസമാണ്. അതുതന്നെയാണ് ഇത്തവണയും പ്രധാന ഘടകമാകുന്നത്.

∙ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് സമയത്ത് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തവണയും അത്തരം ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
കഴിഞ്ഞ തവണ വ്യക്തിഹത്യ നടത്തിയിട്ടും കൂടുതൽ ഭൂരിപക്ഷം നൽകി കോഴിക്കോട്ടെ ജനം ജയിപ്പിച്ചല്ലോ. വ്യക്തിഹത്യ എന്നത് രാഷ്ട്രീയ എതിരാളികളുടെ സ്ഥിരം അടവുനയമാണ്. അത്തരം പ്രചാരണം ജനം തള്ളി. പിന്നെ രാഷ്ട്രീയത്തിൽ ഇതെല്ലാം കേൾക്കേണ്ടി വരും.

∙ കേരളത്തിലെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തില്ല എന്ന് എൽഡിഎഫ് ആരോപണമുണ്ട്.?
അത് വെറും രാഷ്ട്രീയ സ്റ്റണ്ടാണ്. നടത്തിയ വികസന പ്രവർത്തനങ്ങൾ ഓരോന്നായി എണ്ണിയെണ്ണിപ്പറയാൻ സാധിക്കും. യുപിഎ കാലം മുതൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഓരോന്നും ചൂണ്ടിക്കാണിക്കാം. അടിസ്ഥാനമില്ലാത്ത അരോപണമാണ് എൽഡിഎഫിന്റേത്.
∙ അടുത്ത തവണ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമോ?
കഴിഞ്ഞ പത്ത് ദിവസമായി വലിയ മാറ്റമുണ്ടായി. നിതീഷ് കുമാർ പോയ ഘട്ടത്തിൽ ചെറിയ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ അതെല്ലാം മാറി. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിൽക്കണമെന്നു ധാരണ രൂപപ്പെട്ടിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയിക്കുണ്ടായ സമാന അനുഭവമാണ് നിലവിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഭവിക്കാൻ പോകുന്നത്. ഷൈനിങ് ഇന്ത്യ എന്ന പേരിലായിരുന്നു അവരുടെ പ്രചാരണം. എന്നാൽ തിരിച്ചുവരാനായില്ല. അത് ഇത്തവണ സംഭവിക്കും.

∙ കേരളത്തിൽ ഇത്തവണ ബിജെപിയുടെ പ്രകടനം എങ്ങനെയായിരിക്കും?
ബിജെപിക്ക് സീറ്റ് കിട്ടാൻ സാധ്യതയില്ല. ഷോ പൊളിറ്റിക്സ് അല്ലാതെ താഴെത്തട്ടിൽ ബിജെപിക്ക് സ്വാധീനമില്ല. അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൃശൂരും തിരുവനന്തപുരവും യുഡിഎഫിന് അനുകൂലമാണ്.
∙ ഇത്തവണ കോഴിക്കോട് യുഡിഎഫിന്റെ പ്രധാന പ്രചാരണം എന്താണ്?
എയിംസാണ് പ്രധാന പ്രചാരണ വിഷയം. ബേപ്പൂർ തുറമുഖം വികസനം, കൂടുതൽ ട്രെയിനുകൾ, കാർഷിക പ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയവയെല്ലാം ഉയർത്തിക്കൊണ്ടാണ് ജനങ്ങളെ സമീപിക്കാൻ പോകുന്നത്.