‘സുധാകരൻ കരുത്തൻ; ജയരാജനെ തോൽപിക്കാൻ അൽപം ശക്തി കുറഞ്ഞ ആളായാലും മതി’
Mail This Article
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനില്ലെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാടിനോടു പ്രതികരിച്ച് കെ.മുരളീധരൻ എംപി. സുധാകരൻ മാറിനിന്നാൽ പ്രതിസന്ധിയുണ്ടാകില്ലെന്നും യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടല്ലോ എന്നും മുരളീധരൻ പറഞ്ഞു.
‘‘ആരാണു മത്സരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു സ്ക്രീനിങ് കമ്മിറ്റിയാണ്. ഒരാളുടെ പേരു വേണോ കൂടുതൽ പേരെ നിർദേശിക്കണോ എന്നെല്ലാം സ്കീനിങ് കമ്മിറ്റി തീരുമാനിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്കു നൽകും. അവരാണ് അന്തിമ തീരുമാനമെടുക്കുക. കെ.സുധാകരൻ മാറിനിന്നാൽ പ്രതിസന്ധിയുണ്ടാകില്ല. യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടല്ലോ.
Read Also: ‘ഹോസ്റ്റലിൽ വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി; ക്രൂരമർദനത്തിന് 2 ബെൽറ്റ്, ഇരുമ്പുകമ്പി, വയറുകൾ’...
മാർച്ച് രണ്ടിനാണു കോൺഗ്രസ് പാർലമെന്ററി ബോർഡിന്റെ ആദ്യത്തെ യോഗം ചേരുന്നത്. അന്നു കേരളത്തിന്റെ പട്ടിക പരിഗണിച്ചേക്കും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ വലിയ തർക്കമില്ലല്ലോ. കെപിസിസി പ്രസിഡന്റുമാർ മത്സരിച്ചിട്ടുമുണ്ട്, മാറിനിന്നിട്ടുമുണ്ട്. സുധാകരൻ മാറിനിൽന്നാൽ ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യമാണു കുറയുക. കഴിഞ്ഞ തവണ മുസ്‍ലിം സമുദായത്തിന്റെ പ്രതിനിധിയായി സ്ഥാനാർഥിയെ നിർത്തിയെങ്കിലും തോറ്റു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണു പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത്.
കെ.സുധാകരൻ കണ്ണൂരിൽ കരുത്തനായ സ്ഥാനാർഥിയാണ്. സിപിഎമ്മിന്റെ എം.വി.ജയരാജനെ തോൽപ്പിക്കാൻ അൽപം ശക്തി കുറഞ്ഞ സ്ഥാനാർഥിയാണെങ്കിലും കുഴപ്പമില്ല. അതു കുറെക്കൂടി എളുപ്പമാണ്. പൊതുപ്രവർത്തകർ എല്ലാവരെയും അറിയുന്നവർ തന്നെയല്ലേ? അതിനാൽ ആരു വന്നാലും പരിചിതമുഖമാണ്’’– മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്നു പറഞ്ഞ കെ.സുധാകരൻ, തനിക്ക് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നു വ്യക്തമാക്കിയിരുന്നു.