ADVERTISEMENT

കണ്ണൂർ ∙ സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് (എകെജിസിടി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയെന്നാണു പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സർക്കാർ നൽകാതിരുന്നത്. 13,000 കോടി രൂപയാണു തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യമല്ലേ ചർച്ചയാവേണ്ടതെന്നു മന്ത്രി ചോദിച്ചു. ശമ്പളവും പെൻഷനും മുടക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

Read Also: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൃത്യമായി ശമ്പളം കിട്ടി; ഐഎഎസ്‌കാർക്ക് ഉൾപ്പെടെ രണ്ടാം ദിനവും കാത്തിരിപ്പ്‌

ശ്രീലങ്ക പോലെ കേരളമാവുമെന്നാണു പ്രചാരണം. അതു സംഭവിക്കില്ല. തനതു വരുമാനത്തിൽ ഏറ്റവുമധികം വർധനവുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ ജിഎസ്ടി ഉൾപ്പടെ നികുതി കേന്ദ്രമാണ് പിരിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു പോലും പണം ലഭിക്കാത്ത സാഹചര്യമാണു കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക, കേരളത്തിന് കുറഞ്ഞ തുക എന്ന നിലപാട് ശരിയല്ല.  അങ്ങനെ മുക്കിക്കൊല്ലാൻ ശ്രമിച്ചാൽ നിന്നു തരില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ധന കമ്മി നികത്താനാണ് കടം എടുക്കുന്നത്. കേന്ദ്രസർക്കാർ രാജ്യത്തിന്റെ ജിഡിപിയുടെ 6.4 ശതമാനം തുക കടം എടുക്കുന്നുണ്ട്. 3.5 ശതമാനം കടമെടുക്കാൻ കേരളത്തിനും അവകാശമുണ്ട്. എന്നാൽ 2.4 ശതമാനം തുക മാത്രമേ കടമെടുക്കാൻ അനുവദിക്കുന്നുള്ളൂ.  കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ കേരളത്തിന്റെ പൊതുകടത്തിന്റെ കൂട്ടത്തിൽ ഉൾപ്പെട്ടുത്തിയാണ് കൂടുതൽ വായ്പയെടുക്കുന്നതിനു തടസം സൃഷ്ടിക്കുന്നത്. ഇത് ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ കേരളം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. അന്ന് ഒപ്പം നിന്നില്ലെങ്കിലും പ്രതിപക്ഷത്തിന് ഇപ്പോൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ തിരിച്ചറിഞ്ഞാണ് കർണാടക മന്ത്രിസഭയും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിന്റെ പ്രതിഷേധ പരിപാടിയിൽ കശ്മീർ മുതലുള്ള പ്രതിപക്ഷ കക്ഷിനേതാക്കൾ പങ്കെടുത്തുവെന്നും മന്ത്രി ഓർമപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുന്ന കേന്ദ്ര നിലപാടിന് എതിരെയാണ് കേരളം കോടതിയെ സമീപിച്ചത്. കേസ് പിൻവലിച്ചാൽ തുക അനുവദിക്കാമെന്നു പറയുന്നത് ശരിയായ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. യുജിസി വിഹിതം വെട്ടിക്കുറച്ചു. ശാസ്ത്ര കോൺഗ്രസ് നടത്തേണ്ടെന്നു തീരുമാനിച്ചു. ഇതെല്ലാം കാണിക്കുന്നത് കേന്ദ്ര സർക്കാരിന് ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സമീപനമാണ്. കോളജ് അധ്യാപകരുടെ ഡിഎയിലെ കുറവ് നികത്താൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

English Summary:

Kerala Finance Minister KN Balagopal Assures: No Salary or Pension Cuts Amid Technical Delays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com