എംജി സർവകലാശാലാ കലോത്സവം: 14 വർഷത്തിനുശേഷം കിരീടം ചൂടി എറണാകുളം മഹാരാജാസ്

Mail This Article
കോട്ടയം ∙ എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. 129 പോയിന്റു നേടിയാണ് മഹാരാജാസ് ഒന്നാമതെത്തിയത്. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. (102 പോയിന്റ്).
2010ൽ കോട്ടയത്തു തന്നെ നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം 14 വർഷങ്ങൾക്കു ശേഷം കോട്ടയത്തു വച്ചു തന്നെയാണു മഹാരാജാസ് കിരീടം ചൂടുന്നത്. ആദ്യ ദിനം ചിത്രത്തിൽ ഇല്ലാതിരുന്ന മഹാരാജാസ് അവസാന ദിനങ്ങളിൽ പോയിന്റുകൾ നേടി ചാംപ്യൻപട്ടിലേക്ക് ഉയരുകയായിരുന്നു.
ആർഎൽവി കോളജിലെ എസ്.വിഷ്ണു കലാപ്രതിഭാ പുരസ്കാരം നേടി. തേവര എസ്എച്ച് കോളജിലെ പി.നന്ദന കൃഷ്ണൻ, സെന്റ് തെരേസാസ് കോളജിലെ കെ.എസ്.സേതുലക്ഷ്മി എന്നിവർ കലാതിലകം പട്ടം പങ്കിട്ടു. സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രനാണു പ്രതിഭാ തിലകം. സമാപന സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ അധ്യക്ഷത വഹിച്ചു.