സിദ്ധാർഥന്റെ മരണം: സിൻജോയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്; മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ കണ്ടെത്തി
Mail This Article
മാനന്തവാടി∙ പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. ഒന്നാംപ്രതി സിൻജോ ജോൺസണുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ഹോസ്റ്റലിലെ 21–ാം നമ്പർ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിൻജോയെ എത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിധ്യത്തിൽ കണ്ടെത്തി.
പൂക്കോട് വെറ്ററിനറി മെൻസ് ഹോസ്റ്റലില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചതായാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് എറണാകുളത്തുനിന്നും വിളിച്ചു വരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ബെല്‍റ്റ്, കേബിള്‍ എന്നിവ ഉപയോഗിച്ചു മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വീട്ടിലേക്കു മടങ്ങിയ സിദ്ധാർഥനെ എറണാകുളത്ത് എത്തിയപ്പോൾ പ്രതിയായ രഹാന്റെ ഫോണില്‍ നിന്ന് ഡാനിഷ് എന്ന വിദ്യാര്‍ഥി വിളിക്കുകയും തിരികെ വരാൻ പറയുകയുമായിരുന്നു. സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം ഒത്തുതീർപ്പാക്കാനെന്നു പറഞ്ഞാണു വിളിച്ചുവരുത്തിയത്. ഫെബ്രുവരി 15നു വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ഥനെ കോളജിലേക്കു തിരികെ വന്നില്ലെങ്കില്‍ പൊലീസ് കേസാകുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചത്.
ഇതുപ്രകാരം ഫെബ്രുവരി 16നു രാവിലെ സിദ്ധാര്‍ഥൻ തിരികെ കോളജിലെത്തി. എന്നാല്‍ ഹോസ്റ്റലില്‍നിന്ന് എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ പ്രതികള്‍ സിദ്ധാര്‍ഥനെ തടവില്‍ വെച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദനം ആരംഭിച്ചത്. ക്യാംപസിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് സിദ്ധാര്‍ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലില്‍ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയില്‍ വച്ച് മര്‍ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധരിപ്പിച്ച് പ്രതികള്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവ ഉപയോഗിച്ച് മർദിച്ചു. 17 ന് പുലര്‍ച്ചെ രണ്ടുമണി വരെ മര്‍ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യവുമില്ലാത്ത നിലയിലേക്ക് പ്രതികള്‍ കാര്യങ്ങള്‍ എത്തിച്ചു. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.