ADVERTISEMENT

തിരുവനന്തപുരം∙ ‘ഹലോ തിരഞ്ഞെടുപ്പ് കമ്മിഷനല്ലേ, വോട്ടർ പട്ടികയിൽ പേരില്ല, എന്താണ് ചെയ്യേണ്ടത്’– സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെ ഫോണിലെത്തിയ ചോദ്യം. ഏത് തിരഞ്ഞെടുപ്പിലാണ് വോട്ടു ചെയ്യേണ്ടതെന്ന് ഓഫിസിൽനിന്ന് മറുചോദ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലാണെന്ന് മറുപടി. അതിനു വിളിക്കേണ്ടത് ഇവിടെയല്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലാണെന്നും മറുപടി പറയുമ്പോൾ പലർക്കും തൃപ്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം തേടിയെത്തുന്ന ഫോൺ കോളുകൾ കൊണ്ട് മടുത്തിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സിനിമയിലെപോലെ കമ്പിളിപുതപ്പെന്ന് പറയുമ്പോൾ കേൾക്കുന്നില്ല.. കേൾക്കുന്നില്ല എന്നു പറയേണ്ട അവസ്ഥ.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. സംസ്ഥാനത്ത് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കാണ് ഈ രണ്ടു തിരഞ്ഞെടുപ്പുകളുടെയും ചുമതല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. രണ്ട് തിരഞ്ഞെടുപ്പുകൾക്കും വ്യത്യസ്ത വോട്ടർപട്ടികയുമാണ്. പൊതുജനങ്ങൾക്ക് പുറമേ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സ്ഥാപനം മാറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലേക്ക് വിളിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. പറഞ്ഞു വരുമ്പോൾ രണ്ട് സ്ഥാപനങ്ങളും അയൽവാസികൾ കൂടിയാണ്. നിയമസഭയുടെ മതിൽക്കെട്ടിന് അപ്പുറത്ത് വികാസ് ഭവന്‍ വളപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസ്. നിയമസഭയുടെ മതിൽക്കെട്ടിനുള്ളിൽ നിയമസഭാ കെട്ടിടത്തിന്റെ പുറകുവശത്തുള്ള കെട്ടിടത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ്. അയൽവാസി കാരണം പ്രശ്നത്തിലായിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.

പ്രശ്നം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധിക‍ൃതർ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, വോട്ടർപട്ടികയിൽ പേരില്ലാത്ത പ്രശ്നം, തിരഞ്ഞെടുപ്പ് കാർഡ് ലഭിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കായാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോളുകളെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫീസായതിനാൽ മറുപടി പറയാനുള്ള അധികാരമോ അറിവോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥർക്കില്ല. രണ്ടു തിരഞ്ഞെടുപ്പുകളും വ്യത്യസ്തവുമാണ്.

∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലിലെ അറിയിപ്പ്

പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഈ പോർട്ടൽ കൈകാര്യം ചെയ്യുന്നത്. നിയമസഭ, ലോക്സഭ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ സന്ദർശിക്കണം– https://eci.gov.in. വോട്ടർ ഐഡന്റിറ്റി കാർഡിനു വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലിൽ ആണ് അപേക്ഷിക്കേണ്ടത് https://eci.gov.in

∙ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ അറിയിപ്പ്

പൊതുജനങ്ങൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ജില്ലകളിൽ 1950 എന്ന നമ്പരിലും  ചീഫ് ഇലക്ട്രൽ ഓഫിസിൽ 18004251965 എന്ന നമ്പറിലും  ബന്ധപ്പെടാം. പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. ഫോൺ–0471 2300121, 0471 2307168

English Summary:

State Election Commission fed up with phone calls seeking answers to queries related to LokSabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com