ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം

Mail This Article
കോഴിക്കോട്∙ ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. പഞ്ചായത്ത് സെക്രട്ടറി അവധി നൽകിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വൈക്കിലശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയാണ് (26) ഇന്നലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
രാവിലെ മുറി തുറക്കാത്തതിനാൽ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങിയ നിലയിൽ പ്രിയങ്കയെ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്ന് പ്രിയങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.
അതേസമയം, അനുവദനീയമായതിലും കൂടുതൽ അവധി ചോദിച്ചുവെന്നും നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടിൽ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരൻ: പ്രണവ്.