‘കുട്ടിയെ തലയണകൊണ്ട് ശ്വാസം മുട്ടിച്ചു, മുറിയിലേത് ആർത്തവ രക്തമെന്നു സുചന പറഞ്ഞു’: കുറ്റപത്രത്തിൽ ഞെട്ടിക്കും വിവരങ്ങൾ
Mail This Article
പനജി∙ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിൽ അറസ്റ്റിലായ കൺസൾറ്റിങ് കമ്പനി സിഇഒ സുചന സേത്തിനെതിരെ (39) പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് ഗോവയിലെ ഹോട്ടൽമുറിയിൽവച്ചു മകനെ കൊലപ്പെടുത്തിയെന്നാണു സുചനയ്‌ക്കെതിരായ കേസ്. നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്നു ബെംഗളൂരുവിലേക്കു യാത്ര ചെയ്യുന്നതിനിടെ ജനുവരി എട്ടിനു കർണാടകയിലെ ചിത്രദുർഗയിൽനിന്നാണു സുചന പിടിയിലാകുന്നത്. ഗോവയിലെ കുട്ടികളുടെ കോടതിയിൽ 642 പേജുള്ള കുറ്റപത്രമാണു കലൻഗുട്ട് പൊലീസ് ഹാജരാക്കിയത്.
കുട്ടിയെ തുണിക്കഷണം കൊണ്ടോ തലയിണ കൊണ്ടോ ശ്വാസം മുട്ടിച്ചാണു സുചന കൊലപ്പെടുത്തിയെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതിനെ തുടർന്നുണ്ടായ ഷോക്കിനെ തുടർന്നാണു കുട്ടി മരിച്ചത്. മലയാളിയായ ഭർത്താവ് വെങ്കട്ടരാമനിൽനിന്നു സുചന വേർപിരിഞ്ഞു കഴിയുകയായിരുന്നു. കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണു ദാരുണ കൊലപാതകമെന്നു കുറ്റപത്രത്തിൽ പറയുന്നു. ജനുവരി 6ന്, വെങ്കട്ടരാമൻ കുട്ടിയെ വന്നു കാണണമെന്ന് ആവശ്യപ്പെട്ട് സുചന സന്ദേശമയച്ചിരുന്നു. എന്നാൽ അദ്ദേഹം ബെംഗളൂരുവിൽ എത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
കുട്ടിയെ പിതാവിനെ കാണിക്കാൻ ആഗ്രഹിക്കാത്ത സുചന, ജനുവരി ആറിനു മകനുമൊത്ത് കണ്ടോലിമിലെ ഒരു സർവീസ് അപ്പാർട്ട്‌മെൻ്റിൽ ചെക്ക് ഇൻ ചെയ്‌തു. രണ്ടു ദിവസത്തിനുശേഷം അസാധാരണമായ ഭാരമുള്ള ബാഗുമായി സുചന തന്റെ മകനില്ലാതെ ചെക്ക് ഔട്ട് ചെയ്തപ്പോൾ ഹോട്ടൽ ജീവനക്കാർക്കു സംശയം തോന്നി. അവർ സുചന താമസിച്ചിരുന്ന മുറിയിൽ ചെന്നപ്പോൾ രക്തക്കറയും ഒരു കുറിപ്പും കാണുകയും ഉടൻ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഭർത്താവുമായുള്ള പിണക്കത്തെക്കുറിച്ചും കോടതിയിലെ നിയമപോരാട്ടങ്ങളെ തുടർന്നുള്ള മാനസിക വിഷമത്തെക്കുറിച്ചും കുറിപ്പിൽ എഴുതിയിരുന്നു.
ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിലാണു കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പിന്റെ ആധികാരികത കൈയക്ഷര വിദഗ്ധർ സ്ഥിരീകരിച്ചതായി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. സുചന ബുക്ക് ചെയ്ത ടാക്സി ഡ്രൈവറെ പൊലീസ് ഉടൻ ബന്ധപ്പെടുകയും സുചനയുമായി സംസാരിക്കുകയും ചെയ്തു. മഡ്ഗാവിലെ ഒരു സുഹൃത്തിനൊപ്പമാണു മകനെന്നും ഹോട്ടൽ മുറിയിലെ പാടുകൾ ആർത്തവ രക്തമാണെന്നുമാണു സുചന അവകാശപ്പെട്ടത്. ഹോട്ടലിൽ വ്യാജ വിലാസമാണ് ഇവർ നൽകിയതെന്ന് മനസ്സിലാക്കിയ പൊലീസ്, ടാക്‌സി ഡ്രൈവറുമായി സംസാരിച്ച് അടുത്തുള്ള ഐമംഗല പൊലീസ് സ്‌റ്റേഷനിലേക്കു സുചനയെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.