തന്നെ നോക്കിയതിൽ സംശയം; കളമശേരിയിൽ യുവാവ് കാർ ഡ്രൈവറെ വാക്കത്തികൊണ്ടു വെട്ടി
Mail This Article
കളമശേരി ∙ തന്നെ നോക്കിയതിൽ സംശയം തോന്നി യുവാവ് കാർ ഡ്രൈവറെ വാക്കത്തികൊണ്ടു വെട്ടി. കയ്യിൽ പരുക്കേറ്റ ആലുവ ദേശം ചിറയത്ത് വീട്ടിൽ ലിജോ ജോസഫിനെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂനംതൈ മിൽമ പാർലറിനു മുന്നിൽ ചൊവ്വാഴ്ച രാത്രി 7.50നായിരുന്നു സംഭവം.
ലിജോയെ വെട്ടി പരുക്കേൽപിച്ച കളമശേരി എച്ച്എംടി കോളനി സരയുവിൽ അനിൽ കുമാർ (44) രാത്രി പൊലീസ് സ്റ്റേഷനിൽ ഹാജരായി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജൈവായുധം ഉപയോഗിച്ചു തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നെന്നു കാണിച്ചു സ്റ്റേഷനിൽ പലപ്പോഴും പരാതിയുമായി വരാറുള്ള ആളാണ് അനിൽകുമാറെന്നു പൊലീസ് പറഞ്ഞു.
മിൽമ പാർലറിൽ ചായകുടിക്കുന്നതിനിടയിൽ ലിജോ തന്റെ മുന്നിലൂടെ നടന്നത് അനിൽകുമാർ ചോദ്യം ചെയ്തു. തർക്കത്തിനിടയിൽ അനിൽകുമാർ കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ചു ലിജോയെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.