അസം സ്വദേശിനി ഹസീറ ഹോംസ്റ്റേയിൽ കൊല്ലപ്പെട്ട സംഭവം; കാമുകൻ അറസ്റ്റിൽ, 4 വർഷമായി പ്രണയം

Mail This Article
കുട്ടനാട്∙ നെടുമുടി പഞ്ചായത്തിൽ വൈശ്യംഭാഗത്ത് ഹോംസ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയെ വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനുമായി (43) നാലു വർഷമായി അടുപ്പത്തിലായിരുന്നു സഹാ അലിയാണു പിടിയിലായത്. അസമിലേക്കു പോയി ഒരുമിച്ചു താമസിക്കണമെന്നു ഹാസിറ നിർബന്ധം പിടിച്ചതാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രതി സഹാ അലിയുടെ മൊഴി. നാട്ടിൽ ഭാര്യയും കുട്ടികളുമുളളയാണു സഹാ അലി.
ഹസീറ ഖാത്തൂനുമായുള്ള ബന്ധത്തിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സഹാ അലി പൊലീസിനോടു പറഞ്ഞു. അസമിലേക്കു കൊണ്ടുപോകാം എന്നു പറഞ്ഞാണു രാത്രി റിസോർട്ടിലെത്തിയത്. ഇതു വിശ്വസിച്ചു ഹസീറ ബാഗ് ഉൾപ്പെടെ പാക്ക് ചെയ്തു തയാറായി ഇരിക്കുകയായിരുന്നു. എന്നാൽ കൊല നടത്തി സ്ഥലം വിടുകയായിരുന്നുവെന്നു സഹാ അലി മൊഴി നൽകി.
ഷാൾ കഴുത്തിൽ മുറുക്കിയ നിലയിലാണു ഹസീറ ഖാത്തൂനിന്റെ ശരീരം കിടന്നിരുന്നത്. സ്വർണക്കമ്മലുകൾ നഷ്ടപ്പെട്ടിരുന്നു. വൈശ്യംഭാഗം മുന്നൂറ്റൻപതിലെ ഹോം സ്റ്റേയിൽ 5 മാസം മുൻപാണു ഹസീറ ജോലിക്കെത്തിയത്. ചൊവ്വാഴ്ച രാത്രി 11 വരെ ജോലി ചെയ്തിരുന്നു. അടുക്കളയോടു ചേർന്ന മുറിയിലാണു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ആറരയായിട്ടും എഴുന്നേറ്റു വന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോൾ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്നും വീട്ടുടമസ്ഥർ പറഞ്ഞു.
പരിശോധനയിൽ വീടിനു പിൻവശത്തു മുറ്റത്തു ജഡം കണ്ടെത്തുകയായിരുന്നു. പുറത്തു പോകാനെന്ന പോലെയായിരുന്നു വസ്ത്രധാരണം. ഹസീറയെ രണ്ടു പേർ ഇടയ്ക്കു സന്ദർശിക്കാറുണ്ടായിരുന്നു. ഭർത്താവും മകനുമാണെന്നും ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നുമാണു ഹസീറ ഹോം സ്റ്റേ ഉടമകളോടു പറഞ്ഞിരുന്നത്.