ഉദ്ധവ് വിഭാഗത്തെ വിമർശിച്ചു; സഞ്ജയ് നിരുപമിനെ പുറത്താക്കി കോൺഗ്രസ്; ഷിൻഡെ പക്ഷത്തേക്ക്?
Mail This Article
മുംബൈ∙ കോൺഗ്രസിനെയും ഉദ്ധവ് വിഭാഗത്തെയും രൂക്ഷമായി വിമർശിച്ച മുംബൈ ഘടകം മുൻ അധ്യക്ഷൻ സഞ്ജയ് നിരുപമിനെ പാർട്ടിയിൽനിന്നു പുറത്താക്കി കോൺഗ്രസ്. ശിവസേനയുമായുള്ള സീറ്റ് വിഭജനചർച്ചയിൽ പാർട്ടിക്ക് മുംബൈയിൽ അർഹമായ സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു രൂക്ഷമായ വിമർശനം. ഇതോടെ ഇന്നലെത്തന്നെ താരപ്രചാരകരുടെ പട്ടികയിൽ നിന്നു അദ്ദേഹത്തെ നീക്കിയിരുന്നു.
പിന്നാലെ നിരുപമിനെതിരെ അച്ചടക്കനടപടിക്കു ഹൈക്കമാൻഡിനോടു സംസ്ഥാനഘടകം നിർദേശിക്കുകയും ചെയ്തു. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. മുംബൈ നോർത്തിൽനിന്നുള്ള ലോക്സഭാ എംപിയായിരുന്നു അദ്ദേഹം. പിന്നീട് രാജ്യസഭാ എംപിയും പാർട്ടിയുടെ മുംബൈ ഘടകം അധ്യക്ഷനുമായിരുന്നു. സഞ്ജയ് നിരുപം ശിവസേനാ ഷിൻഡെ പക്ഷത്ത് ചേരുമെന്നാണ് അഭ്യൂഹം. വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
നോർത്ത് വെസ്റ്റ് മുംബൈ മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യം നിരുപമിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ മണ്ഡലങ്ങൾ ഉദ്ധവ് പക്ഷത്തിനു നൽകിയതോടെയാണ് അസ്വാരസ്യം ഉടലെടുത്തത്. നേരത്തേ, അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിഷയത്തിലും കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായാണ് സഞ്ജയ് നിരുപം പ്രതികരിച്ചത്.