ADVERTISEMENT

ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം ഏതാണ് ? ഉത്തരം ലക്ഷദ്വീപ് എന്നാണ്. 57,784 വോട്ടർമാരാണു ലക്ഷദ്വീപിലുള്ളത്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി ഒട്ടേറെപ്പേർ ദ്വീപിനു പുറത്തായിരിക്കുമെന്നതിനാൽ ഇതിൽ ഏകദേശം 48,000 വോട്ടുകൾ മാത്രമാണു മിക്കപ്പോഴും പോൾ ചെയ്യാറുള്ളത്. കേരളത്തിലെ നിയോജക മണ്ഡലത്തിന്റെ നാലിലൊന്ന് വോട്ടർമാർ മാത്രം. അതിനാൽ തന്നെ ലക്ഷദ്വീപിനെ പ്രചാരണവും തീർത്തും വ്യത്യസ്തമായ തരത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ, ഏപ്രിൽ 19 നാണ് ലക്ഷദ്വീപ് പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്. 2014 ലെ കണക്കനുസരിച്ച് വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള ലോക്സഭാ മണ്ഡലമാണിത്. നിലവിലെ എംപിയായ എൻസിപിയിലെ മുഹമ്മദ് ഫൈസൽ മൂന്നാം തവണയും തിരഞ്ഞെടുപ്പു കളത്തിലുണ്ട്. മുഖ്യ എതിരാളി കോൺഗ്രസിലെ ഹംദുല്ല സെയ്താണ്. 

നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതിനായി, ഫൈസലിനെതിരെ ചുമത്തിയ വധശ്രമക്കേസ് കോൺഗ്രസ് ആയുധമാക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ എൻസിപി ശക്തമായി ശ്രമിക്കുന്നുമുണ്ട്. മുൻപ് നടന്ന തിരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കേസിൽ ഫൈസലിനെ പത്തു വർഷമാണ് കേരള ഹൈക്കോടതി ശിക്ഷിച്ചത്. ഇതിനു പിന്നാലെ ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയായിരുന്നു. എന്നാൽ ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയും എംപി സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ രണ്ട് കക്ഷികളും വോട്ടാക്കാൻ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസം, കൃഷി, തൊഴിൽ എന്നീ മേഖലകളിലെ ജനദ്രോഹ നയങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇരുകക്ഷികളും വോട്ടുതേടുന്നത്.

അറിയാം ലക്ഷദ്വീപിനെ

1967 ലാണ് ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലമാകുന്നത്. അതിനുമുൻപ് രാഷ്ട്രപതി നേരിട്ട് എംപിയെ നിയമിക്കുകയായിരുന്നു. 1957 മുതൽ 67 വരെ സേവനമനുഷ്ഠിച്ച കോൺഗ്രസിന്റെ (ഐഎൻസി) കെ. നല്ല കോയ തങ്ങളായിരുന്നു ലക്ഷദ്വീപിലെ ആദ്യ എംപി. 1967 ലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.എം. സയീദ് വിജയിച്ചു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിൽ ചേർന്നു. 2004 വരെ തുടർച്ചയായി പത്ത് തവണ ലോക്സഭയിൽ ലക്ഷദ്വീപിന്റെ പ്രതിനിധിയായി സയീദ് തിളങ്ങി. എന്നാൽ 2004 ൽ ജനതാദൾ (യുണൈറ്റഡ്) പാർട്ടി സ്ഥാനാർഥി പി. പൂക്കുഞ്ഞി കോയ 71 വോട്ടുകൾക്ക് സയീദിനെ പരാജയപ്പെടുത്തുകയായിരുന്നു. 

‍2009 ൽ പിതാവിനു കൈവിട്ടുപോയ സീറ്റ് സയീദിന്റെ മകൻ മുഹമ്മദ് ഹംദുല്ല സയീദിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ചു. പതിനഞ്ചാമത് ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായിരുന്നു ഹംദുല്ല. പതിനാറാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായ മുഹമ്മദ് ഫൈസൽ ഹംദുല്ലയെ പരാജയപ്പെടുത്തി. അടുത്ത തവണയും ഫൈസൽ തന്നെ വിജയം കണ്ടു. 2014ൽ ഫൈസലിന്റെ ഭൂരിപക്ഷം 1535 ആയിരുന്നെങ്കിൽ 2019 ൽ 825 വോട്ടായി കുറഞ്ഞു. ഇപ്പോൾ വീണ്ടും ഇരുവരും കൊമ്പുകോർക്കുമ്പോൾ വിജയം ആർക്കൊപ്പമെന്ന ആകാംക്ഷ എവരിലുമുണ്ട്.

English Summary:

Lakshadweep loksabha election Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com