ADVERTISEMENT

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജനം ആർക്കൊപ്പം, മുന്നണികളുടെ വിജയസാധ്യതകൾ എന്തൊക്കെ, വോട്ടുവിഹിതം തുടങ്ങിയവ വ്യക്തമാക്കുന്ന മനോരമ ന്യൂസ്– വിഎംആർ പ്രീ പോൾ സർവേ ഫലങ്ങൾ പുറത്തുവന്നു.  കേരളത്തിലെ 20 മണ്ഡലങ്ങളിൽ 13 ഇടത്തു യുഡിഎഫിനു തികഞ്ഞ വിജയസാധ്യതയെന്നു സർവേ വ്യക്തമാക്കുന്നു. മൂന്നിടത്തു യുഡിഎഫിന് ഇപ്പോൾ മുൻതൂക്കമുണ്ടെങ്കിലും അട്ടിമറിക്കു സാധ്യതയുണ്ട്. അതിശക്തമായ മത്സരം നടക്കുന്ന ബാക്കി നാലിടത്തു ഫലം പ്രവചനാതീതമാണെന്നും സർവേ വിലയിരുത്തുന്നു. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസിയാണു സർവേ നടത്തിയത്.

യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ആലത്തൂർ, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്.

യുഡിഎഫിന് മുൻതൂക്കം (ഫലം മാറിമറിയാം): തൃശൂർ, ചാലക്കുടി, മാവേലിക്കര.

ഒപ്പത്തിനൊപ്പം: കണ്ണൂർ, വടകര, പാലക്കാട്, ആറ്റിങ്ങൽ.

ഫ്രാൻസിസ് ജോർജ്
ഫ്രാൻസിസ് ജോർജ്

മൂന്നാം ഘട്ടമായ വെള്ളിയാഴ്ച മാവേലിക്കര, കോട്ടയം, ഇടുക്കി, എറണാകുളം, ആലത്തൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ സര്‍വേ ഫലമാണു പുറത്തുവന്നത്. കേരള കോണ്‍ഗ്രസുകളുടെ പോരാട്ടം നടക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു മുൻതൂക്കമെന്നാണു സർവേയിലെ പ്രവചനം. യുഡിഎഫ് വോട്ട് 46.25 ശതമാനത്തില്‍നിന്ന് 41.26 ശതമാനമായി കുറയും. 2019ല്‍ 34.58 ശതമാനമായിരുന്ന എല്‍ഡിഎഫ് വിഹിതം 35.82 ആയി ഉയരും. എന്‍ഡിഎ വോട്ട് 17.04 ശതമാനത്തില്‍ നിന്ന് 19.1 ശതമാനമായും വര്‍ധിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ലോക്സഭാ സീറ്റായ കോട്ടയത്ത് കഴിഞ്ഞതവണ യുഡിഎഫ് ടിക്കറ്റില്‍ വിജയിച്ച തോമസ് ചാഴികാടനാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിലെ കേരള കോണ്‍ഗ്രസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിനെയും കളത്തിലിറക്കി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയതോടെ കോട്ടയം ഹൈ പ്രൊഫൈല്‍ മണ്ഡലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.

രമ്യാ ഹരിദാസ് (File Photo: Rahul R Pattom / Manorama)
രമ്യാ ഹരിദാസ് (File Photo: Rahul R Pattom / Manorama)

കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ആലത്തൂരില്‍ യുഡിഎഫിന്റെ സിറ്റിങ് എംപി രമ്യ ഹരിദാസ് മുന്നിലെന്നാണു പ്രവചനം. യുഡിഎഫിന് വോട്ടുചോര്‍ച്ചയാണു പ്രവചിക്കുന്നത്. 7.43 ശതമാനം വോട്ടിന്റെ കനത്ത ഇടിവാണ് യുഡിഎഫിന് നേരിടേണ്ടിവരിക. എല്‍ഡിഎഫ് വോട്ട് 2.29 ശതമാനം ഉയരും.  6.22 ശതമാനമാണ് ബിജെപി വോട്ടിലെ വര്‍ധന. ഇത് യുഡിഎഫിന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നു. 44.93 ശതമാനമാണ് യുഡിഎഫിന് പ്രവചിക്കുന്ന വോട്ടുവിഹിതം. എല്‍ഡിഎഫിന് 39.06 ശതമാനവും. 15.03 ശതമാനം പേര്‍ എന്‍ഡിഎയ്ക്കൊപ്പമാണ്. യുഡിഎഫിന്റെ സിറ്റിങ് എംപി രമ്യ ഹരിദാസിനെ നേരിടാന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന മന്ത്രിയുമായ കെ.രാധാകൃഷ്ണനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍.സരസുവാണ് ബിജെപി സ്ഥാനാര്‍ഥി.

dean-kuriakose-idukki-election
ഡീൻ കുര്യാക്കോസ്

ഇടുക്കി മണ്ഡലം യുഡിഎഫിന്റെ സിറ്റിങ് എംപി ഡീന്‍ കുര്യാക്കോസ് നിലനിർത്തുമെന്നു സർവേ പറയുന്നു. യുഡിഎഫിന് 14 ശതമാനം വോട്ട് കുറയും. 2019ല്‍ 54.23 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി പ്രവചിക്കുന്ന വോട്ട് വിഹിതം 40.69 ശതമാനം. എല്‍ഡിഎഫ് വോട്ടില്‍ 1.34 ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ആകെ വിഹിതം 34.26 ശതമാനം. എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയും പ്രീ–പോള്‍ സര്‍വേയില്‍ കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8.56 ശതമാനമായിരുന്ന എന്‍ഡിഎ വോട്ട് ഇക്കുറി 9.95 ശതമാനം വര്‍ധിച്ച് 18.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടിലും 5 ശതമാനത്തോളം വര്‍ധന പ്രതീക്ഷിക്കുന്നു. ഡീന്‍ കുര്യാക്കോസും എൽഡിഎഫിന്റെ ജോയ്സ് ജോര്‍ജും തമ്മിലാണ് പ്രധാനപോരാട്ടം. ബിഡിജെഎസിലെ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

ഹൈബി ഈഡൻ. ചിത്രം∙ രാഹുൽ ആർ. പട്ടം
ഹൈബി ഈഡൻ. ചിത്രം∙ രാഹുൽ ആർ. പട്ടം

എറണാകുളം മണ്ഡലം സിറ്റിങ് എംപി ഹൈബി ഈഡനിലൂടെ യുഡിഎഫ് നിലനിര്‍ത്തുമെന്നാണു സർവേ പറയുന്നത്. വോട്ട് വിഹിതത്തില്‍ വലിയ ഇടിവുണ്ടാകും. 10.93 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ വോട്ട് 4.88 ശതമാനം കുറയും. യുഡിഎഫിന് നഷ്ടപ്പെടുന്ന വോട്ടില്‍ ഏറെയും ട്വന്റി20ക്കാണ് പോകുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. മറ്റുകക്ഷികളുടെ വോട്ട് വിഹിതം 13.74 ശതമാനമായി ഉയര്‍ന്നത് ഇതിനെ തെളിവാണ്. എന്‍ഡിഎയുടെ വോട്ടില്‍ 3.76 ശതമാനം വളര്‍ച്ചയും പ്രവചിക്കുന്നു. സ്വന്തം വോട്ടില്‍ 11 ശതമാനത്തോളം കുറവുണ്ടാകുമ്പോഴും യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 11 ശതമാനത്തിന്റെ ലീഡുണ്ട്. 39.85 ശതമാനം പേര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ 28.41 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം. അധ്യാപികയായ കെ.ജെ.ഷൈനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയത് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നാണ് നിഗമനം.

കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ തലങ്ങുംവിലങ്ങും വോട്ടു മറിച്ചിലുണ്ടാകുമെന്നാണു പ്രവചനം. യുഡിഎഫിന് 4.41 ശതമാനം വോട്ട് കുറയുമ്പോള്‍ എന്‍ഡിഎയ്ക്ക് 5.72 ശതമാനം കൂടും. എല്‍ഡിഎഫ് വോട്ടിലും 1.8 ശതമാനം ഇടിവുണ്ടാകുമെന്നാണു സര്‍വേ. കഴിഞ്ഞ തവണ കൊടിക്കുന്നില്‍ സുരേഷിനു ലഭിച്ച 45.36 ശതമാനം വോട്ട് 40.89 ശതമാനമായി കുറയും. 37.2 ശതമാനമാണ് ഇടതുമുന്നണിക്ക് ലഭിച്ച പിന്തുണ. എന്‍ഡിഎ വോട്ട് 19.45 ശതമാനമായി ഉയരും. 2019ല്‍ ഇത് 13.75 ശതമാനമായിരുന്നു. ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കൊടിക്കുന്നിൽ സുരേഷാണ് മാവേലിക്കരയില്‍ വീണ്ടും യുഡിഎഫിനുവേണ്ടി രംഗത്തുള്ളത്. സിപിഐയുടെ യുവനേതാവ് സി.എ.അരുണ്‍കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് നേതാവ് ബൈജു കലാശാലയും രംഗത്തുണ്ട്.

വി.കെ. ശ്രീകണ്ഠൻ∙ ചിത്രം: മനോരമ
വി.കെ. ശ്രീകണ്ഠൻ∙ ചിത്രം: മനോരമ

പാലക്കാട് മണ്ഡലത്തിൽ ഇടതുവലതു മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമാണെന്നു സർവേ പ്രവചിക്കുന്നു. യുഡിഎഫിന്റെ സിറ്റിങ് എംപി വി.കെ.ശ്രീകണ്‌ഠനും എൽഡിഎഫിന്റെ എ.വിജയരാഘവനും തമ്മിലാണു കടുത്ത പോരാട്ടം. ഇരു മുന്നണികൾക്കും 40.5 ശതമാനം വീതം വോട്ടാണു പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ വോട്ട് 2.38 ശതമാനം വര്‍ധിക്കും. യുഡിഎഫ് വോട്ടില്‍ 1.7 ശതമാനമാണ് വര്‍ധന. എന്നാല്‍ എന്‍ഡിഎ വോട്ടില്‍ 5.34 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞതവണ മത്സരിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെയാണ് ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ഥി.

English Summary:

Lok Sabha Election 2024: Manorama News VMR Prepoll Survey Third Phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com