രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തമിഴ്നാട് പൊലീസ് തടഞ്ഞു; സംഘർഷം

Mail This Article
ബത്തേരി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാനെത്തിയ എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയും തമിഴ്നാട് പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. രാവിലെയാണു മൈസൂരുവിൽനിന്നു ഹെലികോപ്റ്ററിൽ ബത്തേരിയുടെ അതിർത്തിപ്രദേശമായ താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ രാഹുൽ എത്തിയത്. രാഹുലിനെ സ്വീകരിക്കാൻ എംഎൽഎമാർ കോളജിലെത്തി. ഒരു ഗേറ്റ് കടന്നുപോയശേഷം രണ്ടാമത്തേതിൽ വച്ച് എംഎൽഎമാരെ പൊലീസ് തടയുകയായിരുന്നു.
ചെന്നൈയിൽനിന്നെത്തിയ ഉദ്യോഗസ്ഥനാണു തടഞ്ഞതെന്നു കരുതുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. ‘‘ആദ്യം തിരിച്ചറിയൽ കാർഡ് ചോദിച്ചു. തുടർന്ന് ആധാർ കാർഡ് ചോദിച്ചു. വളരെ മോശമായാണു പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയത്. എടുത്ത് പുറത്തുകളയുമെന്നു വരെ പറഞ്ഞു. ഇതോടെ രൂക്ഷമായ വാക്കേറ്റമുണ്ടായി. എന്നാൽ ലോക്കൽ പൊലീസിനു ഞങ്ങളെ അറിയാമായിരുന്നു.
അവർ ഈ ഉദ്യോഗസ്ഥനോട് ഞങ്ങൾ എംഎൽഎമാരാണെന്നു പറഞ്ഞു. അതു വകവയ്ക്കാതെയാണ് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഈ ഉദ്യോഗസ്ഥനെ ലോക്കൽ പൊലീസ് തന്നെ അവിടെനിന്നു മാറ്റിക്കൊണ്ടുപോയി. മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ തമിഴ്നാട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുന്നതു പരിഗണനയിലുണ്ട്. പാർട്ടിയുമായി ആലോചിച്ചശേഷം തീരുമാനം എടുക്കും’’– ഐ.സി.ബാലകൃഷ്ണൻ വ്യക്തമാക്കി.

രാവിലെ പത്തോടെയാണു താളൂരിൽ രാഹുൽ എത്തിയത്. രാഹുൽ എത്തിയ ഹെലികോപ്റ്ററിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിലും കോൺഗ്രസ് നേതാക്കൾക്കു പ്രതിഷേധമുണ്ട്. താളൂരിൽനിന്നു റോഡ് മാർഗം ബത്തേരിയിലെത്തിയാണു രാഹുൽ റോഡ് ഷോ നടത്തിയത്. തുടർന്ന് പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലും റോഡ് ഷോ നടത്തിയശേഷം കോഴിക്കോട്ടേക്കു പോയി.