ADVERTISEMENT

കൊച്ചി∙ പള്ളിമുക്കിനടത്ത് ദിവാൻസ് റോഡിലെ ‘കടത്തനാട്’ എന്ന വീടിനു മുന്നിൽ നിന്നാൽ‍ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒരാളുടെ വീടിനു മുന്നിലാണെന്നു തോന്നുകയേ ഇല്ല. അകത്ത് മാധ്യമ പ്രവർത്തകർ തിക്കിത്തിരക്കുന്നുണ്ടെങ്കിലും ശാന്തവും സമാധാനവുമായി ആ വീട്ടിലുള്ളവർ പ്രതികരിക്കുന്നു. വാക്കുകളിലും പ്രതികരണങ്ങളിലുമെല്ലാം മിതത്വം, സന്തോഷം വീടിനുള്ളിൽ നിറയുന്നുണ്ടെങ്കിലും എവിടെയൊക്കെയോ അസാധാരണമായൊരു സാധാരണത്വം ഇവിടെയുള്ളവരിലുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാംകുമാറിന്റെ വീടാണിത്. സിദ്ധാർഥ് ഇപ്പോൾ ഐപിഎസ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ്. ഇത്തവണ വലിയൊരു ‘സർപ്രൈസ്’ ആണ് സിദ്ധാർഥ് വീട്ടുകാർക്കായി ഒരുക്കി വച്ചത്. ക്രിക്കറ്റും സിനിമയും കൂട്ടുകാരും എല്ലാമായി അടിപൊളിച്ചു നടക്കുന്ന സിദ്ധാർഥ് പക്ഷേ, പഠനത്തിന്റെ കാര്യം വന്നാൽ ഒട്ടും ഉഴപ്പനല്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ‍ക്കുള്ളിൽ ഈ 27കാരൻ എത്തിപ്പിടിച്ചതു തന്നെ അതിനു സാക്ഷ്യം. സിദ്ധാർഥ് അടുത്ത ആഴ്ച നാട്ടില്‍ വന്നേക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

കൊച്ചി സ്വദേശിയായ സിദ്ധാർഥ് രാംകുമാറിനാണു ദേശീയ തലത്തിൽ നാലാം റാങ്ക് എന്നു മാധ്യമങ്ങളില്‍ കാണുമ്പോഴും ഇതു തങ്ങളുടെ സിദ്ധാർഥ് തന്നെയോ എന്ന സംശയത്തിലായിരുന്നു വീട്ടുകാർ. കാരണം ഇത്തവണ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന കാര്യം സിദ്ധാർഥ് വീട്ടിൽ അറിയിച്ചിരുന്നില്ല. അങ്ങനെ അച്ഛനും അമ്മയും കൂടി മകനെ വിളിച്ചു. ഒഴുക്കൻ മട്ടിലായിരുന്നു മറുപടി. നാലാം റാങ്ക് ഒക്കെ കിട്ടാൻ പ്രയാസമല്ലേ, താൻ ഒന്നു കൂടി ഉറപ്പിച്ചിട്ടു വിളിച്ചു പറയാം എന്നു പറഞ്ഞ് ഫോൺ വച്ചു.

‘‘പിന്നെ അവൻ വിളിച്ചൊന്നുമില്ല. നിങ്ങളൊക്കെ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു’’, ചിരിച്ചു കൊണ്ട് അമ്മ രതി പറഞ്ഞു. ‘‘വല്ലാത്ത ഷോക്ക് ആയിരുന്നു വാർത്ത കേട്ടപ്പോൾ. ഇത്തവണ എഴുതുന്നുണ്ടെന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. സിദ്ധാർഥ് തന്നെയാണോ എന്ന കണ്‍ഫ്യൂഷനായിരുന്നു ആദ്യം. പിന്നെ വിളിച്ചശേഷമാണ് അതു സിദ്ധാർഥ് തന്നെയെന്ന് ഉറപ്പിച്ചത്. സർപ്രൈസ് ആയി വച്ചതായിരിക്കും’’ – ചേട്ടൻ‍ ആദർശ് കുമാറിന്റെ വാക്കുകള്‍. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ് ആദർശ്. 

സിദ്ധാർഥിന്റെ സഹോദരൻ ആദർശ്, പിതാവ്  ടി.എൻ.രാംകുമാർ, മാതാവ് രതി എന്നിവർ
സിദ്ധാർഥിന്റെ സഹോദരൻ ആദർശ്, പിതാവ് ടി.എൻ.രാംകുമാർ, മാതാവ് രതി എന്നിവർ

‘‘ആളുകളോട് ഇടപെടുന്നതിലും വസ്തുതകളോടു പ്രതികരിക്കുന്നതിലും ഒക്കെ സിദ്ധാർഥിന് ഒരു മിതത്വമുണ്ട്. അതാണു സ്വഭാവം. പരീക്ഷ എഴുതിയതുപോലും അറിഞ്ഞില്ല. വലിയ സന്തോഷമുണ്ട്. സിദ്ധാർഥ് സിവിൽ സര്‍വീസ് എഴുതിയാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു’’ – അച്ഛൻ ടി.എൻ.രാംകുമാറിന്റെ വാക്കുകൾ. ഇപ്പോൾ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ചിന്മയ കോളജിന്റെ പ്രിൻസിപ്പലായി വിരമിച്ച ആളാണ് അച്ഛൻ. അമ്മ രതി വീട്ടമ്മയും. ‘‘സിദ്ധാർഥിന്റെ കോച്ചിങ്ങുകൾ‍ക്കും മറ്റും കൂട്ടു പോവുന്നതു ഞാനായിരുന്നു. ചെറുപ്പത്തിലെ വരയിലൊക്കെ താൽപര്യമുണ്ടായിരുന്നു. പഴയ കെട്ടിടങ്ങളൊക്കെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആർകിടെക്ട് പഠിക്കാൻ പോകുന്നത്’’ – അമ്മ രതിയുടെ വാക്കുകൾ.

മറ്റുള്ളവർ പറഞ്ഞാലും ഇല്ലെങ്കിലും സിവിൽ സര്‍വീസിലേക്കു പോവുക എന്നത് സിദ്ധാർഥിന്റെ തന്നെ താൽപര്യമായിരുന്നു എന്ന് അച്ഛൻ പറയുന്നു. ഇവരുടെ കുടുംബത്തിൽനിന്ന് ആദ്യമായി സിവിൽ സർവീസിലേക്കു കടന്നുവന്ന ആളും സിദ്ധാർഥാണ്. ‘‘ഒരുപക്ഷേ, മറ്റുള്ളവരിൽനിന്ന് കടംവാങ്ങിയ ആശയമായിരിക്കാം. ആർകിടെക്ചറിൽനിന്നു മാറി സിവില്‍ സർവീസിലേക്കു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു’’ – അച്ഛൻ പറയുന്നു. 

തിരുവനന്തപുരത്തെ കോളജ് ഓഫ് ആർകിടെക്ചറിൽനിന്ന് 2019ൽ ബിരുദം പൂർത്തിയാക്കിയശേഷമായിരുന്നു സിവിൽ സർവീസിലേക്കുള്ള സിദ്ധാർഥിന്റെ ശ്രമങ്ങൾ തുടങ്ങുന്നത്. പഠിക്കുന്ന സമയത്തു തന്നെ ഒരു തവണ ശ്രമിച്ചെങ്കിലും പ്രിലിമിനറി കടക്കാനായില്ല. എന്നാൽ അടുത്ത വർഷം മുതൽ കാര്യങ്ങൾ മാറിത്തുടങ്ങി. 2020ല്‍ റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ച സിദ്ധാര്‍ഥിന് ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ഇതിനിടെയും സിദ്ധാർഥ് പരിശീലനത്തിനു സമയം കണ്ടെത്തി. 2021ല്‍ അടുത്ത ശ്രമം. അത്തവണ റാങ്ക് 181, ഒപ്പം ഐപിഎസ് ലിസ്റ്റിലും ഇടംപിടിച്ചു. എന്നാൽ അവിടം കൊണ്ടു നിർത്താനായിരുന്നില്ല സിദ്ധാർഥിന്റെ പദ്ധതി.  

ഐപിഎസിൽ ചേർന്നു പരിശീലനം തുടങ്ങിയെങ്കിലും ചിട്ടയായ പഠനം തന്നെയായിരുന്നു സിദ്ധാർഥ് നടത്തിയത്. 2022ല്‍ വീണ്ടും എഴുതിയപ്പോൾ റാങ്ക് 121ലെത്തി. ബംഗാൾ കേഡറാണ് തുടക്കത്തിൽ അലോട്ട് ചെയ്തിരുന്നത്. എന്നാൽ 2023ൽ ഫലം വന്നപ്പോള്‍ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാമതെത്തിയിരിക്കുന്നു. ഐഎഎസ് വേണോ ഐപിഎസ് വേണോ എന്ന് തീരുമാനിക്കാം. അതിന് അനുസരിച്ചു കേഡറും മാറാം. 

വടുതല ചിന്മയ സ്കൂളിലായിരുന്നു സിദ്ധാർഥിന്റെ സ്കൂള്‍ വിദ്യാഭ്യാസം. ‘‘ഞങ്ങൾ തമ്മിൽ 9 വയസ്സിന്റെ വ്യത്യാസമുണ്ട്. ഒരുമിച്ചു കളിക്കാനും സിനിമ കാണാനുമൊക്കെ പോകുമായിരുന്നു. എൻജോയ് ചെയ്യേണ്ട സമയത്ത് അടിച്ചു പൊളിച്ച് അതു ചെയ്യുകയും പഠിക്കേണ്ട സമയത്തു നന്നായി പഠിക്കുകയും ചെയ്യുന്ന ഒരാളാണ് സിദ്ധാർഥ്. ആളൊരു ഓള്‍റൗണ്ടറാണ്. ക്രിക്കറ്റിനോടാണു വലിയ താൽപര്യം. വളരെ ബഹിർമുഖനായ, സന്തോഷവാനായ ഒരാളാണ് സിദ്ധാർഥ്. കൂട്ടുകാർക്കൊപ്പം പുറത്തു പോവുക, എല്ലാ സിനിമകളും കാണുക, അതേസമയം തന്നെ വളരെ കൺസിസ്റ്റന്റായി പഠിക്കുകയും ചെയ്യും. നല്ല സ്വഭാവമുള്ള വ്യക്തിയുമാണ്. ഐപിഎസ് ട്രെയിനിങ്ങിനു ജോയിൻ ചെയ്യുന്നതിനു മുമ്പ് ഒരു വർഷത്തെ ഓഫ് എടുത്തിരുന്നു. ആ സമയത്ത് ഇറങ്ങിയ സിനിമകള്‍ മുഴുവൻ കണ്ടിട്ടുണ്ട്. പൊതുവായി കിട്ടുന്നതൊക്കെ വായിക്കും. ചുറ്റും എന്താണു സംഭവിക്കുന്നതിനെ കുറിച്ചൊക്കെ കാര്യമായി ശ്രദ്ധിച്ചിരുന്നു, അതിനെക്കുറിച്ചൊക്കെ ധാരണയുമുണ്ട്’’– ചേട്ടൻ ആദർശിന്റെ വാക്കുകൾ. സിദ്ധാർഥിന്റെ അച്ഛന്‍,‍ അമ്മ, സഹോദരൻ ആദർശ്, ആദർശിന്റെ ഭാര്യ ലക്ഷ്മി, മകൻ വിവസ്വാൻ എന്നിവരാണ് എറണാകുളത്തെ വീട്ടിലുള്ളത്. 

English Summary:

Meet PK Sidharth Ramkumar, UPSC CSE 4th rank holder, whose parents had no clue about their son's exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com