മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം: സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

Mail This Article
തിരുവനന്തപുരം∙ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎല്ലും കർത്തയുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ബന്ധം, കരാറിലൂടെ ഇരു കമ്പനികളുടെയും നേട്ടം, കമ്പനികളുടെ ഭൂമിയുടെ വിനിയോഗം തുടങ്ങിയവയിൽ വ്യക്ത വരുത്താനാണ് ഹർജിക്കാരനായ മാത്യു കുഴൽനാടന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്. ആവശ്യമായ രേഖകൾ സമർപ്പിക്കാമെന്ന് മാത്യുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും 25ന് പരിഗണിക്കും. കേസിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. വിധിപകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനാലാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. വിശദീകരണം കോടതി പരിശോധിച്ചശേഷം വിധിയുണ്ടാകും.
ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണു മാത്യു കുഴൽനാടന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും അടക്കം ഏഴുപേരാണ് എതിർകക്ഷികൾ. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്നു നിലപാട് മാറ്റി. കോടതി വേണോ വിജിലൻസ് വേണോ എന്ന് തീരുമാനിക്കാൻ കോടതി നിർദേശിച്ചു. കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.
കോടതി വേണോ വിജിലൻസ് വേണോ എന്ന് തീരുമാനിക്കാൻ കോടതി നിർദേശിച്ചു. കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യു കുഴൽനാടന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തയുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ സിഎംആർഎലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി, റവന്യൂ വകുപ്പിനോട് കർത്തയുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു.