കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

Mail This Article
കോഴിക്കോട്∙ വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണു പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 16നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.കെ.ശൈലജ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് ആരോപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫിയും അനുയായികളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും ശൈലജ ആരോപിച്ചിരുന്നു.
അതേസമയം, ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണു കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തത്.
ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണു പരാതി. ഫെയ്സ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ചു യുഡിഎഫ് പരാതി നൽകിയത്. ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയതിനു അഞ്ചോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.