ADVERTISEMENT

കൊച്ചി ∙ കൊമ്പൻ ‘പടയപ്പ’യെയും പ്രശ്നക്കാരായ മറ്റ് ആനകളെയും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മൂന്നാർ‍ മേഖലയില്‍നിന്നു മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്നും നിർദേശിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി. കടകൾ‍ തകർക്കുന്നു എന്നതിന്റെ പേരിൽ ആനകളെ പിടികൂടരുതെന്നും മാലിന്യ നിർമാ‍ജനമാണ് അടിയന്തരമായി വേണ്ടതെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സമിതി നിർദേശിക്കുന്നു. മൂന്നാർ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും കടകളുടെ കണക്കെടുക്കാനും ഇവയ്ക്ക് അനുമതി ഉണ്ടോ എന്ന് പരിശോധിക്കാനും ഉൾപ്പെടെയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 

മൂന്നാറിലും പരിസര പ്രദേശങ്ങളിലും അടുത്തിടെ പടയപ്പ വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിട്ടിരുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി എസ്.രമേഷ് ബാബു കൺവീനറും ഒ.പി.കലേർ, ഡോ.ആനന്ദ കുമാർ, ഡോ.പി.എസ്.ഈസ, പ്രമോദ് കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിക്ക് ഹൈക്കോടതിയാണ് രൂപം നൽകിയത്.

വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് വനംവകുപ്പ് രൂപം നല്‍കണം. റോഡരികിലും റിസർവോയറുകളുടെ സമീപ മേഖലയിലുമായുള്ള നൂറുകണക്കിന് കടകളുടെ വിവരം പഞ്ചായത്ത് ശേഖരിക്കണം. എത്ര സ്ഥലം കയ്യേറിയിട്ടുണ്ട്, കടകൾക്ക് ലൈസൻസ് ഉണ്ടോ, അനധികൃതമായി പ്രവർത്തിക്കുന്നവ എത്രയുണ്ട് എന്നതും പരിശോധിക്കണം. അനധികൃതമായവ നീക്കം ചെയ്യണം. ഇവരെ പുനരധിവസിപ്പിക്കുന്നതിന് മാലിന്യ നിർമാ‍ര്‍ജനം ഫലവത്തായി നടത്താൻ പറ്റുന്ന സ്ഥലം പഞ്ചായത്ത് കണ്ടെത്തണം. കല്ലാറിലുള്ള മാലിന്യ ശേഖരണ കേന്ദ്രം എത്രയും വേഗം സോളാർ വേലി ഉൾപ്പെടുത്തി കട്ടിയുള്ള സ്റ്റീൽ വയറുകൾ കൊണ്ട് വളച്ചു കെട്ടണം. രാജമല, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ് തുടങ്ങി മൂന്നാറിന്റെ വിവിധ മേഖലകളിലുള്ള മാലിന്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ദേവികുളം, മൂന്നാർ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകൾക്ക് നിര്‍ദേശം നൽകണം. അവരുടെ വരുമാനമാർഗമാണെങ്കിൽ പോലും നിലവിലുള്ള മാലിന്യം നീക്കം ചെയ്തു കഴിയുന്നതു വരെ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് വഴിയോര കച്ചവട സ്ഥാപനങ്ങൾ അടച്ചിടുന്നതും നന്നാവും. മൂന്നാറിലേയും പരിസര മേഖലകളിലേയും ഹോട്ടൽ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെ മാലിന്യ നിർമാജന സംവിധാനത്തെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെടണമെന്നും സമിതി നിർദേശിക്കുന്നു. 

കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാൽ–ആനയിറങ്കൽ മേഖലയെക്കുറിച്ചും റിപ്പോര്‍ട്ടിൽ വിശദമായി പ്രതിപാദിക്കുന്നു. ആനയിറങ്കൽ മുതൽ ഓൾഡ് ദേവികളും വരെയുള്ള പ്രദേശങ്ങളിൽ ആനകൾക്ക് സ്വൈര്യമായി സഞ്ചരിക്കുന്നതിനുള്ള കോറിഡോർ എത്രയും വേഗം ഉറപ്പാക്കണമെന്ന് ദീർഘകാല നടപടികളുടെ ഭാഗമായി സമിതി നിർദേശിക്കുന്നു. സ്റ്റെർലിങ് റിസോർട്ട്, ക്ലബ് മഹീന്ദ്ര എന്നിവയുടെ പിൻഭാഗം, മൂന്നാറിന്റെ ഭാഗമായ 60 ഏക്കർ വരുന്ന ചോലവനം എന്നിവ ഉൾപ്പെടെയാണ് ഈ സഞ്ചാരപാത ഒരുക്കേണ്ടത്. റിസോര്‍ട്ടുകളുടെ ഒരു ഭാഗവും ഇതിനായി തുറന്നു കൊടുക്കാം. ഈ പാത ദേവികുളത്ത് എത്തിക്കഴിഞ്ഞാൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംരക്ഷിത വനമേഖലകൾ ഉള്‍പ്പെടുന്ന 4500 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് ദൂരത്തിലെ വിഭവങ്ങൾ ആനകൾക്ക് ലഭ്യമാവും. അപ്പർ സൂര്യനെല്ലി, ഗുണ്ടുമല വഴി ആനയിറങ്കൽ മുതൽ സൈലന്റ്‌വാലി വരെയുള്ള പ്രദേശങ്ങളിലെ തടസ്സങ്ങൾ നീക്കുകയാണ് മനുഷ്യ–വന്യമൃഗ സംരക്ഷണം കുറയ്ക്കാനുള്ള മറ്റൊരു വഴി. 301 ഏക്കർ, 80 ഏക്കർ കോളനികൾ മാറ്റി പുനഃസ്ഥാപിക്കണം, ഇതിൽ 301 ഏക്കർ കോളനി എത്രയും വേഗം മാറ്റി സ്ഥാപിക്കണം.

ഈ മേഖലയിലെ റേഷൻ കടകൾക്ക് സോളാർ വൈദ്യുതി ഘടിപ്പിച്ച് സ്റ്റീൽ വയർ വേലി കെട്ടി സംരക്ഷിക്കണം. ആനകളുടെ ആക്രമണത്തിന് പെട്ടെന്ന് വിധേയമാകുന്നവയാണ് ഈ റേഷൻ കടകൾ. ആനകള്‍ ആക്രമിക്കാൻ സാധ്യതയുള്ള റേഷൻ കടകളിൽ റേഷൻ‍ വിതരണം പകലാക്കി, വൈകിട്ടോടെ കട കാലിയാക്കണം. അങ്ങനെ ചെയ്താൽ ആനകൾ ഏതാനും തവണ എത്തിയ ശേഷം പിന്നീട് കടകളിൽ എത്താതിരിക്കാനും അവ തകർക്കാതിരിക്കാനും സാധ്യതയുണ്ട്. ആനകളെ തുരത്താനുള്ള സംവിധാനങ്ങൾ ആളുകളുടെ താമസ മേഖലകളിലേക്ക് ചുരുക്കണം. 

ആനയിറങ്കൽ – മൂന്നാർ മേഖലയിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവണം. ആനകളെ പ്രകോപിപ്പിക്കുന്നതു പോലുള്ള നടപടികൾ ഉണ്ടായാൽ അവർക്കെതിരെ വനംവകുപ്പ് വഴി കർശന നടപടി ഉണ്ടാവണം. ദേശീയപാതകൾ ഒഴികെ രാത്രി സമയത്ത് വിനോദ സഞ്ചാരത്തിനു വേണ്ടി ഇടറോഡുകളിലുള്ള ഗതാഗതം അനുവദിക്കരുത്. വൈകിട്ട് ഏഴു മണിക്ക് മുമ്പായി തങ്ങളുടെ അതിഥികൾ എത്തുന്നു എന്നത് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ഉറപ്പാക്കണം. ആവശ്യമെങ്കിൽ ഇതിന് പൊലീസിന്റെ സഹായം തേടാം.

സൂര്യനെല്ലി–കൊളുക്കുമല റൂട്ടിലെ 7 കിലോമീറ്റർ ഓഫ് റോഡ് യാത്രക്കായി ഉള്ളത് 187 ജീപ്പുകളാണ്. ഓരോ ജീപ്പും ദിവസം മൂന്നു ട്രിപ് വീതം നടത്തുന്നു. ഇത് ഇവിടുത്തെ ആവാസവ്യവസ്ഥയെയും വന്യമൃഗങ്ങളെയും ശല്യപ്പെടുത്തുന്നുണ്ട്. ഇതിനെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഡിറ്റിപിസി പഠനം നടത്താൻ വിദഗ്ധ ഏജൻസിയെ ഏല്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് ലഭ്യമാകുന്നതു വരെ ജീപ്പ് സഫാരികൾ നിയന്ത്രിക്കുകയോ പൂർണമായി വിലക്കുകയോ െചയ്യണം. ചിന്നക്കനാൽ മേഖലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളുമായി ഇടകലർന്നാണ് കിടക്കുന്നത്. ഇത് വേർതിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. 

English Summary:

Man -Animal Conflict in Munnar- Chinnakkanal; Expert Committee report to HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com