വാഹനാപകടം: മരിച്ച 5 പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

Mail This Article
കണ്ണൂർ∙ കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരുടെ പോസ്റ്റ്‍മോർട്ടമാണ് പൂർത്തിയായത്. കൃഷ്ണന്റെയും സുധാകരന്റെയും അജിതയുടെയും ആകാശിന്റെയും മൃതദേഹങ്ങൾ പുത്തൂർ എഎൽപി സ്കൂളില്‍ ഒരുമിച്ച് പൊതുദർശനത്തിന് വയ്ക്കും. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. നാലു പേർ തൽക്ഷണം മരിച്ചു. ആകാശിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കണ്ണൂർ ഭാഗത്തുനിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് കാറിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിരെ വന്ന ഗ്യാസ് സിലിണ്ടറുകളുള്ള ലോറിയിൽ ഇടിക്കുകയും ചെയ്തെന്നാണു വിവരം. വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കാറിൽനിന്നും ആളുകളെ പുറത്തെടുത്തത്. കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിയുടെ അടിയിലേക്കു കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ഒടിഞ്ഞു മടങ്ങിയിരുന്നു. സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മകനെ കോഴിക്കോട് ഒരു ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
