മോദി വീണ്ടും അയോധ്യയിൽ; ക്ഷേത്രത്തിൽ സാഷ്ടാംഗപ്രണാമം, റോഡ് ഷോ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയിൽ. രാത്രി ഏഴോടെ അയോധ്യയിലെത്തിയ മോദി, രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു റോഡ് ഷോ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നിർവഹിച്ചശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് മുന്നില്‍ മോദി സാഷ്ടാംഗം പ്രണമിച്ചു. മോദിയുടെ വരവിനെ തുടർന്ന് ആയിരക്കണക്കിന് ഭക്തർ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു. വലിയ ഒരുക്കങ്ങളും ക്ഷേത്രത്തിനകത്തും പുറത്തുമുണ്ടായിരുന്നു. 2 കിലോമീറ്റർ ദൂരമാണ് പ്രധാനമന്ത്രി റോഡ്ഷോ നടത്തിയത്. ക്ഷേത്ര നഗരി മുതൽ ലതാ മങ്കേഷ്കർ ചൗക്ക് വരെ നടന്ന റോഡ്ഷോയിൽ പൂക്കളെറിഞ്ഞാണ് ഭക്തരും പ്രദേശവാസികളും പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

മേയ് 20നാണ് അയോധ്യയിൽ വോട്ടെടുപ്പ്. രാമക്ഷേത്രം തിരഞ്ഞെടുപ്പിൽ വീണ്ടും സജീവ ചർച്ചാ വിഷയമാക്കാൻ ലക്ഷ്യമിട്ടാണ് മോദി ഇത്തരമൊരു സന്ദർശനം നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.