‘നിരക്ക് കൂടുതൽ, മികച്ച യാത്രാസൗകര്യം’: ആദ്യ ട്രിപ്പ് വിജയം, നവകേരള ബസ് ബെംഗളൂരുവിലെത്തി

Mail This Article
കോഴിക്കോട്∙ നവകേരള ബസിന്റെ ആദ്യദിവസത്തെ ട്രിപ്പ് വിജയം. മുഴുവൻ സീറ്റിൽ ആളുകളെയുമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തിയത്. രാവിലെ നാലു മണിക്കാണ് കോഴിക്കോടുനിന്നു പുറപ്പെടേണ്ടിയിരുന്നതെങ്കിലും യാത്ര തുടങ്ങിയപ്പോൾ നാലരയായി. ഇതിനിടെ മുൻപിലെ ലിഫ്റ്റുള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. തുടർന്ന് ബാഗിന്റെ വള്ളി ഉപയോഗിച്ചാണു ഡോർ തുറന്നുപോകാതെ കെട്ടിവച്ചത്. ഡോറ് തുറന്ന് ബസിനുള്ളിലേക്കു ശക്തിയായ കാറ്റ് അടിച്ചു കയറാൻ തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെയാണു കാരന്തൂർ വച്ച് ഡോർ കെട്ടിവച്ചത്. തുടർന്ന് ബത്തേരി ഡിപ്പോയിൽ എത്തിച്ചു ഡോർ നന്നാക്കിയശേഷം യാത്ര തുടരുകയായിരുന്നു.
ഇതിനിടെ താമരശ്ശേരിയിൽ പൗരാവലിയുെട നേതൃത്വത്തിൽ ബസിനു സ്വീകരണവും നൽകി. ഇതോടെ പതിനൊന്നരയ്ക്ക് എത്തേണ്ടിയിരുന്ന ബസ് ഒരുമണിയോടെയാണു ബെംഗളൂരുവിൽ എത്തിയത്. കണ്ടക്ടറുടേതുൾപ്പെടെ 26 സീറ്റാണുണ്ടായിരുന്നത്. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1240 രൂപയാണ് കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കു വേണ്ടി വരുന്നത്. ഇതേ ചാർജ് തന്നെയാണ് എവിടെനിന്നു കയറിയാലും. മറ്റു ഡീലക്സ് ബസുകളെ അപേക്ഷിച്ച് ചാർജ് കൂടുതലാണെങ്കിലും മികച്ച യാത്രാ സൗകര്യമാണു ബസിലുള്ളത്.
കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസുകളുടെ അപര്യാപ്തത വളരെ രൂക്ഷമാണ്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്കു പുതിയ സർവീസ് ഉപകാരപ്രദമാകുമെന്നാണു കരുതുന്നത്. ഉത്സവ കാലത്ത് കോഴിക്കോട് – ബെംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകൾ 3000 രൂപ വരെ വാങ്ങുന്നുണ്ട്. അതേസമയം കെഎസ്ആർടിസിയുടെ മറ്റ് എസി ബസുകൾക്ക് ഇത്രയും ടിക്കറ്റ് നിരക്കില്ല.