രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകർന്ന് കുടുങ്ങിയവരിൽ ഒരാൾ മരിച്ചു; 14 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു
Mail This Article
ജയ്‌പുർ∙ രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്നതിനെത്തുടർന്ന് 64 അടി താഴ്ചയിൽ കുടുങ്ങിയ 15 പേരിൽ ഒരാൾ മരിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫിസർ ഉപേന്ദ്ര പാണ്ഡയാണു മരിച്ചത്. ബാക്കിയുള്ള 14 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഉപേന്ദ്ര പാണ്ഡയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽനിന്നുമെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും ഖനിയിലെ ജീവനക്കാരും ഉൾപ്പെടെ സംഘം രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയിൽ അകപ്പെട്ടത്. തുടർന്ന് ഘട്ടംഘട്ടമായി നടത്തിയ പരിശ്രമത്തിലാണ് ഓരോരുത്തരെയും പുറത്തെത്തിച്ചത്. മരിച്ച ഉപേന്ദ്ര പാണ്ഡെയുടെ മൃതദേഹവും പുറത്തെത്തിച്ചതായി രാജസ്ഥാൻ ദുരന്തനിവാരണ സംഘം അറിയിച്ചു.
ഖനിക്കകത്തു നടത്തിയ പരിശോധനക്കിടെ, 577 മീറ്റർ താഴ്ചയിലെത്തിയ ലിഫ്റ്റ് പൊട്ടിവീഴുകയായിരുന്നു. വീഴ്ചക്കിടയിൽ തങ്ങിനിന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായി. വളരെവേഗം അപകടസ്ഥലത്തേക്കു സുരക്ഷാസന്നാഹങ്ങളും ഡോക്ടർമാരും എത്തി. ഏണി ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യഘട്ടത്തിൽ മൂന്നു പേരെയും രണ്ടാം ഘട്ടത്തിൽ അഞ്ചുപേരെയും മൂന്നാം ഘട്ടത്തിൽ ആറുപേരെയുമായാണു പുറത്തെടുത്തത്.
ചികിത്സയിലുള്ളവരിൽ മൂന്ന് പേർക്ക് സാരമായ പരുക്കുകളുണ്ടെന്നും മറ്റുള്ളവർക്ക് കൈകാലുകളിലായി ചെറിയ പൊട്ടലുകൾ മാത്രമാണുള്ളതെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിദഗ്ധ ചികിത്സ ആവശ്യമായവരെ ജയ്‌പുർ ആശുപത്രിയിലും മറ്റുള്ളവരെ കോലിഹാനിലെ സർക്കാർ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
ചീഫ് വിജിലൻസ് ഓഫിസർ ഉപേന്ദ്ര പാണ്ഡെയെ കൂടാതെ ഖേത്രി കോപ്പർ കോംപ്ലക്‌സ് യൂണിറ്റ് മേധാവി ജിഡി ഗുപ്ത, കോലിഹാൻ ഖനി ഡെപ്യൂട്ടി ജനറൽ മാനേജർ എ.കെ.ശർമ എന്നിവരും വിജിലൻസ് സംഘത്തോടൊപ്പം ഫൊട്ടോഗ്രഫറായി എത്തിയ മാധ്യമപ്രവർത്തകനും ഖനിയിൽ അകപ്പെട്ടിരുന്നു.