ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ കാട്ടുതീ സംഭവത്തിൽ സ്വീകരിച്ച നടപടികളെപ്പറ്റി കേന്ദ്ര സർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി. ആവശ്യമായ ധനസഹായം അനുവദിക്കാത്തതിനും വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകൾ ഏൽപ്പിച്ചതിനുമാണ് സുപ്രീം കോടതി വിശദീകരണം തേടിയത്.

കഴിഞ്ഞ വർഷം നവംബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട നൂറിലധികം തീപിടിത്ത സംഭവങ്ങളിലായി ആയിരക്കണക്കിനു ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. എന്നാൽ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10 കോടി രൂപയിൽ 3.5 കോടി മാത്രമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്. ഇത് ഏറെ ഖേദകരമായ അവസ്ഥയാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഉത്തരാഖണ്ഡിലെ 5 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തിയത്. സംസ്ഥാനം വലിയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ അവിടെ പ്രവർത്തിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരെ നിർബന്ധപൂർവം തിരഞ്ഞെടുപ്പ് ചുമതലകൾക്കു നിയോഗിച്ചതിനെ കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ സർക്കാർ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നയത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. 

തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ അവരുടെ പ്രാഥമിക ചുമതലകളിലേക്ക് തിരികെ നിയമിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ കോടതിയെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ടെന്നും അതുപ്രകാരം ഉത്തരവ് പിൻവലിക്കുകയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഇത് ഗൗരവമില്ലാത്ത ന്യായീകരണമാണെന്ന് കോടതി നിരീക്ഷിച്ചു. കാട്ടുതീ കെടുതികളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക തടഞ്ഞുവച്ചതിൽ കേന്ദ്രസർക്കാരും മറുപടി നൽകണം. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കാൻ നിർബന്ധിച്ചത് എന്തിനെന്നും കാട്ടുതീ പോലുള്ള നിർണായക സാഹചര്യത്തിൽ പോലും ഫണ്ട് തടസ്സപ്പെടുത്തുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു.

ഉത്തരാഖണ്ഡിന്റെ ഭൂവിസ്തൃതിയുടെ 45 ശതമാനത്തോളം വരുന്ന വനമേഖലയിൽ 0.1 ശതമാനം പ്രദേശത്തു മാത്രമേ തീപിടിത്തം ബാധിച്ചിട്ടുള്ളൂവെന്നാണ് സംസ്ഥാനം അവകാശപ്പെടുന്നത്. കാട്ടുതീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 5 മരണം റിപ്പോർട്ട് ചെയ്തു.

English Summary:

Supreme Court's Tough Words For Centre, Uttarakhand Over Forest Fires

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com