പുണെ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ലഗേജ് ട്രാക്ടറിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Mail This Article
പുണെ∙ റൺവേയിലൂടെ നീങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ലഗേജ് ട്രാക്ടറിലിടിച്ച് ഇരുനൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുണെ വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പുണെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ–858 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാലുമണിക്ക് ഡൽഹിയിലേക്ക് പറക്കാനൊരുങ്ങവേ ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. ഈ സമയം 180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിൽ വിമാനത്തിന്റെ ഒരു ചിറകിനും ലാൻഡിങ് ഗിയറിന് സമീപത്തുള്ള ടയറിനും കേടുപാടുണ്ടായി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. തുടർന്ന് യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്തതായും രാജ്യാന്തര യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചതായും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പുണെ വിമാനത്താവളത്തിൽ ഒരാഴ്ച മുൻപും സമാന അപകടമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇൻഡിഗോ വിമാനത്തിലേക്കുള്ള കോണിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സഞ്ചരിച്ച ചാർട്ടേഡ് വിമാനം ഇടിച്ചിരുന്നു.