‘അഴിക്കുള്ളില്‍ നിൽക്കുന്ന കേജ്രിവാൾ’ മാറ്റി, പ്രൊഫൈൽ ചിത്രം കറുപ്പിച്ച് സ്വാതി; ബൈഭവ് പഞ്ചാബിലെന്ന് സൂചന
Mail This Article
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ. സ്വാതി മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാവീഴ്ചയുണ്ടാക്കിയെന്നും തന്നെ പിടിച്ചുതള്ളിയെന്നും ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ ബൈഭവ് ആരോപിക്കുന്നു. സ്വാതിയുടെ ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പരിശോധിക്കണമെന്നും ബൈഭവ് പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, കേജ്‌രിവാളിന്റെ വസതിയിൽ പരിശോധന നടത്തിയ പൊലീസും ഫൊറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഡൽഹി പൊലീസ് പത്തു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ബൈഭവിനെ കണ്ടെത്താനായി നാല് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ബൈഭവ് പഞ്ചാബിലുണ്ടെന്നാണ് സൂചന.
അതിനിടെ, സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിൽനിന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ചിത്രങ്ങൾ സ്വാതി നീക്കം ചെയ്തു. അഴിക്കുള്ളിൽ നിൽക്കുന്ന കേജ്‌രിവാളിന്റെ ചിത്രമായിരുന്നു നേരത്തെ എക്സിലും ഫെയ്‌സ്‌ബുക്കിലുമെല്ലാം സ്വാതിയുടെ പ്രൊഫൈൽ ചിത്രം. ഇത് മാറ്റി കറുത്ത പശ്ചാത്തലം പ്രൊഫൈൽ ചിത്രമാക്കിയാണ് സ്വാതിയുടെ പ്രതിഷേധം.