ജൂലൈയിൽ ഡെങ്കി വ്യാപന സാധ്യതയെന്ന് ആരോഗ്യമന്ത്രി: ജാഗ്രത വേണം

Mail This Article
തിരുവനന്തപുരം ∙ ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 2013 ലും 2017 ലും ഡെങ്കിപ്പനി കേസുകളുടെ വലിയ വ്യാപനമുണ്ടായി. 2023 ൽ സമാനമായ വലിയ വ്യാപനം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
‘‘ജനുവരിയിൽത്തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ കലണ്ടർ പുറത്തിറക്കിയിരുന്നു. ഈ വർഷം ഡെങ്കിപ്പനി കേസുകളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള യോഗം നടത്തി.’’ എല്ലാവരും വ്യക്തിശുചിത്വം പാലിക്കണമെന്നും വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.