ദേഹാസ്വാസ്ഥ്യം: രാഹുലിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റിലായ സുഹൃത്തിന് ജാമ്യം

Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, രാഹുലിന് രക്ഷപ്പെടാൻ സഹായമൊരുക്കിയതിന് അറസ്റ്റിലായ സുഹൃത്ത് മാങ്കാവ് - കൊമ്മേരി സ്വദേശി രാജേഷിന് (32) ജാമ്യം. കേസിലെ നാലാം പ്രതിയായ രാജേഷിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നൽകിയത്. ബെംഗളൂരുവിലേക്ക് രാഹുലിന് ഒപ്പം പോയത് രാജേഷായിരുന്നു.
രാഹുൽ ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. അതിനായി ഇന്റർപോളിന് അപേക്ഷ നൽകി. രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.