പോളിങ് കണക്കുകൾ അപ്‍ലോഡ് ചെയ്യുന്നതിലെ കാലതാമസം: തിര.കമ്മിഷനോട് പ്രതികരണം തേടി സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകൾ അപ്‍ലോഡ് ചെയ്യുന്നതിലെ കാലതാമസത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് പ്രതികരണം തേടി സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളിൽ പ്രതികരണം നൽകാനാണ് കോടതി നിർദേശം. ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച രേഖ (ഫോം 17സി) എന്തുകൊണ്ട് പ്രസിദ്ധീകരിക്കാനാകുന്നില്ലെന്നു സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ കണക്കുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മേയ് 24 ന് കേസ് വീണ്ടും പരിഗണിക്കും.
വെള്ളിയാഴ്ച കേസ് ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പു പുരോഗമിക്കുന്നതിനാൽ പതിവു കോടതി സമയം കഴിഞ്ഞാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിച്ചത്. ഫോം സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിൽ തടസ്സമെന്താണെന്ന് കോടതി കമ്മിഷനോടു ചോദിച്ചു. ഓരോ മണ്ഡലത്തിലെയും ഓരോ ബൂത്തിൽ നിന്നും ഇതുപോലെ ഫോം കിട്ടുമെന്നും ഒറ്റരാത്രി കൊണ്ട് ഇത് ചെയ്യാനാകില്ലെന്നും സാവകാശം വേണമെന്നും കമ്മിഷൻ അറിയിച്ചു.
അങ്ങനെയെങ്കിൽ വോട്ടെടുപ്പിന്റെ രണ്ടാം ദിനത്തിൽ എന്തുകൊണ്ട് ഇതു പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്നായി ചീഫ് ജസ്റ്റിസ്. അവ ഒത്തുനോക്കേണ്ടതുണ്ടെന്നും ഇതേ ഹർജിക്കാരൻ വിഷയം നേരത്തേയും കോടതി മുൻപാകെ കൊണ്ടുവന്നിട്ടുള്ളതാണെന്നും കമ്മിഷന്റെ അഭിഭാഷകനായ അമിത് ശർമ വിശദീകരിച്ചു. ഫോം സി നേരത്തെയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് വോട്ടെടുപ്പിന്റെ 4 ഘട്ടം കഴിഞ്ഞതിനാൽ തൽക്കാലം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. പോളിങ് ഏജന്റുമാർക്ക് ഫോം സി ശേഖരിക്കാമെന്നു പറഞ്ഞെങ്കിലും പല ബൂത്തുകളിലും ഏജന്റുമാർ ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രതികരണം. കമ്മിഷന്റെ കണക്ക് വരുമ്പോൾ പെട്ടെന്ന് പോളിങ് ശതമാനം വർധിച്ചുകാണുന്നതിൽ വോട്ടർമാർക്ക് ആശങ്കയുണ്ടെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.